ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. കൊളംബോ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ പരാജയം.
മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്ററുമായ വിരാട് കോഹ്‌ലിക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിച്ചിരുന്നു. സെപ്റ്റംബര്‍ 17ന് നടക്കുന്ന ഫൈനല്‍ മുമ്പില്‍ കണ്ടാണ് കോച്ച് രാഹുല്‍ ദ്രാവിഡ് താരത്തിന് വിശ്രമം അനുവദിച്ചത്.
വിശ്രമം അനുവദിച്ചിരുന്നെങ്കിലും വിശ്രമിക്കാന്‍ വിരാടിന് നേരമുണ്ടായിരുന്നില്ല. വാട്ടര്‍ ബോയ് ആയും സബ്‌സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായുമെല്ലാം താരം കളത്തിലെത്തിയിരുന്നു.
മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് ഡ്രിങ്ക്‌സുമായി കളത്തിലേക്കോടിയെത്തിയ വിരാട് കോഹ്‌ലിയായിരുന്നു കഴിഞ്ഞ മത്സരത്തിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. മത്സരത്തിന്റെ നാലാം ഓവറിലായിരുന്നു വിരാട് ആനിമേറ്റഡ് ആക്ഷനുമായി വാട്ടര്‍ ബോയ്‌യുടെ രൂപത്തില്‍ ഗ്രൗണ്ടിലെത്തിയത്.
ഈ സംഭവത്തിന് ശേഷം വിരാട് സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായും കളത്തിലിറങ്ങിയിരുന്നു. ബംഗ്ലാദേശ് ഇന്നിങ്‌സിന് പിന്നാലെ താരം കിറ്റുമെടുത്ത് നേരെ നെറ്റ്‌സിലെത്തി പ്രാക്ടീസ് തുടങ്ങുകയായിരുന്നു. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാടിന് വിശ്രമം അനുവദിച്ചിരുന്നില്ലെങ്കില്‍ താരത്തിന് ഇതിലേറെ വിശ്രമം ലഭിച്ചേനേ എന്നാണ് ആരാധകര്‍ പറയുന്നത്.
ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കവെ കോച്ച് രാഹുല്‍ ദ്രാവിഡ് പ്ലെയിങ് ഇലവനില്‍ നടത്തുന്ന പരീക്ഷണങ്ങളിലും ആരാധകര്‍ക്ക് വിമര്‍ശനമുണ്ട്. ശ്രീലങ്കക്കെതിരായ ഫൈനലിന് മുമ്പ് പ്രധാന ബാറ്ററായ വിരാടിന് വിശ്രം അനുവദിച്ചതും മറ്റൊരു പ്രധാന ബാറ്ററായ രോഹിത് ശര്‍മക്ക് വിശ്രമം അനുവദിക്കാത്തതും ആരാധകരില്‍ അതൃപ്തിയുണ്ടാക്കുന്നുണ്ട്. ലോകകപ്പിന് മുമ്പ് മാക്‌സിമം മത്സരങ്ങള്‍ കളിച്ച് താരങ്ങളുടെ ഫോം നിലനിര്‍ത്തുന്നതിന് പകരം അനാവശ്യമായി വിശ്രമം നല്‍കുന്നതാണ് ആരാധകര്‍ ചോദ്യം ചെയ്തത്.
ഇതിന് പുറമെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടമില്ലാതിരുന്ന തിലക് വര്‍മയെയും പ്രസിദ്ധ് കൃഷ്ണയെയും കളിപ്പിച്ചതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതല്ല, മറിച്ച് ലോകകപ്പിന് തൊട്ടുമുമ്പ് കോച്ച് നടത്തുന്ന ഇത്തരം പരീക്ഷണങ്ങളെയാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.
സെപ്റ്റംബര്‍ 17നാണ് ഏഷ്യാ കപ്പിലെ ഇന്ത്യ-ശ്രീലങ്ക ഫെനല്‍ പോരാട്ടം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ 11ാം ഫൈനലും ലങ്കയുടെ 12ാം ഫൈനലുമാണിത്. എട്ടാം തവണയാണ് ഇന്ത്യ – ശ്രീലങ്ക ഫൈനലിന് ഏഷ്യാ കപ്പ് സാക്ഷ്യം വഹിക്കുന്നത്.
അതേസമയം, ഏഷ്യാ കപ്പിന് പിന്നാലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിനും ഇന്ത്യ വേദിയാകും. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുക. ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളും ഇന്ത്യ കളിക്കും.
Content Highlight: Fans criticize Rahul Dravid’s experiments before World Cup