| Monday, 27th February 2023, 9:35 am

'നെയ്മറെ ഞങ്ങള്‍ക്കാവശ്യമില്ല, മെസിയും എംബാപ്പെയും ചെയ്യുന്നത് കണ്ടില്ലേ'; പ്രതിഷേധവുമായി പി.എസ്.ജി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പി.എസ്.ജി മാഴ്സെയെ തോല്‍പ്പിച്ചിരുന്നു. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളും ലയണല്‍ മെസിയുടെ ഒരു ഗോളുകളുമാണ് പാരീസിയന്‍സിനെ ജയത്തിലേക്ക് നയിച്ചത്.

ലോസ്‌ക് ലില്ലിക്കെതിരായ മത്സരത്തില്‍ കണങ്കാലില്‍ പരിക്കേറ്റതിനാല്‍ നെയ്മര്‍ മാഴ്സെക്കെതിരെ കളിക്കാന്‍ ഇറങ്ങിയിരുന്നില്ല. താരത്തിന്റെ അഭാവത്തിലും മികച്ച പ്രകടനം നടത്താന്‍ പി.എസ്.ജിക്കായി. മത്സരത്തിന് ശേഷം ശക്തമായ വിമര്‍ശനങ്ങളാണ് നെയ്മര്‍ക്ക് നേരെ ഉയരുന്നത്.

നെയ്മര്‍ കളിച്ച മുന്‍ മത്സരങ്ങളില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. നെയ്മര്‍ ക്ലബ്ബില്‍ വേണ്ടെന്നും തങ്ങള്‍ക്ക് മെസിയും എംബാപ്പെയും മതിയെന്നുമാണ് ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തത്. നെയ്മര്‍ ഇല്ലാത്തപ്പോള്‍ മെസിക്കും എംബാപ്പെക്കും സംയുക്തമായി കളിച്ച് മുന്നേറാനാകുന്നുണ്ടെന്നും എന്നാല്‍ നെയ്മര്‍ ഉള്ളപ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്നും മറ്റുചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, പി.എസ്.ജിയുടെ നിലവിലെ സാഹചര്യത്തില്‍ മെസിയെയും നെയ്മറിനെയും എംബാപ്പെയെയും ഒരുമിച്ച് നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് ഒരുക്കമല്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആക്രമണ നിരയില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ മതിയെന്നാണ് പി.എസ്.ജിയുടെ തീരുമാനം. എംബാപ്പെയെ നിലനിര്‍ത്തിക്കൊണ്ടുള്ള പദ്ധതികളാണ് പി.എസ്.ജി മെനയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്‍ നാഷണലിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെയ്മറെ റിലീസ് ചെയ്യാനാണ് പി.എസ്.ജി ഒരുങ്ങുന്നത്. എന്നാല്‍ നെയ്മര്‍ അതിന് ഒരുക്കമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നെയ്മറിന് 2025 വരെ പി.എസ്.ജിയില്‍ കരാറുണ്ട്. എന്നാല്‍ പി.എസ്.ജിയില്‍ താരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളും ഉയര്‍ന്ന വേതനവും കാരണമാണ് പി.എസ്.ജി ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയതെന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലീഗ് വണ്ണില്‍ മാഴ്സക്കെതിരായ മത്സരത്തിന്റെ 25ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ വലയിലെത്തിച്ചത്. 29ാം മിനിട്ടില്‍ മെസിയും ഒരു ഗോല്‍ തൊടുത്തു. രണ്ടാം പാദത്തിലെ 55ാം മിനിട്ടില്‍ എംബാപ്പെയുടെ രണ്ടാം ഗോളും വലയിലെത്തിയതോടെ മത്സരത്തില്‍ പി.എസ്.ജി ആധിപത്യം പുലര്‍ത്തുകയായിരുന്നു.

മാര്‍ച്ച് അഞ്ചിന് നാന്റെസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: Fans criticize Neymar in PSG

We use cookies to give you the best possible experience. Learn more