'അവനൊരു ഫ്രോഡാണ്, ബാഴ്‌സലോണക്ക് പറ്റിയ വലിയ അബദ്ധം'; തോല്‍വിക്ക് പിന്നാലെ പ്രതിഷേധിച്ച് ആരാധകര്‍
Football
'അവനൊരു ഫ്രോഡാണ്, ബാഴ്‌സലോണക്ക് പറ്റിയ വലിയ അബദ്ധം'; തോല്‍വിക്ക് പിന്നാലെ പ്രതിഷേധിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th April 2023, 9:14 am

കഴിഞ്ഞ ദിവസം കോപ്പ ഡെല്‍ റേയില്‍ നടന്ന മത്സരത്തില്‍ ബാഴ്‌സലോണ തോല്‍വി വഴങ്ങിയിരുന്നു. റയല്‍ മാഡ്രിഡാണ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണയെ കീഴ്‌പ്പെടുത്തിയത്.

മത്സരത്തിന് ശേഷം ബാഴ്‌സലോണ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ ഉയരുന്നത്. 90 മിനിട്ടും ലെവന്‍ഡോസ്‌കി കളത്തിലുണ്ടായിരുന്നെങ്കിലും താരത്തിന് കാര്യമായിട്ടൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ലെവന്‍ഡോസ്‌കി ബാഴ്‌സലോണക്ക് പറ്റിയ അബദ്ധമാണെന്നും അദ്ദേഹം ബാഴ്‌സ ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നുമാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. സ്‌കോര്‍ ചെയ്യുന്നത് മാറ്റിവെച്ചാലും വലിയ മത്സരങ്ങളില്‍ ലെവന്‍ഡോസ്‌കി മോശം പ്രകടനം കാഴ്ചവെക്കുന്ന താരമാണെന്നും ട്വീറ്റുകളുണ്ട്.

ബാഴ്‌സലോണക്കായി ഇതുവരെ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് 27 ഗോളും ഏഴ് അസിസ്റ്റുമാണ് ലെവന്‍ഡോസ്‌കിയുടെ സമ്പാദ്യം.

എല്‍ ക്ലാസിക്കോയില്‍ അവസാനമായി കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്‌സക്ക് മുന്നില്‍ അടിയറവ് പറഞ്ഞ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ തിരിച്ചുവരവാണ് കോപ്പ ഡെല്‍ റേയില്‍ കാഴ്ചവെച്ചിരിക്കുന്നത്. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ ബാഴ്‌സയെ അവരുടെ മൈതാനത്ത് പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളിലുമായി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് വിജയിച്ച റയല്‍ മാഡ്രിഡിന് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനായി.

ബെന്‍സെമക്ക് പുറമെ വിനീഷ്യസ് ജൂനിയറാണ് റയലിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിലാണ് ലോസ് ബ്ലാങ്കോസ് ഗോള്‍ വേട്ട ആരംഭിക്കുന്നത്. ബെന്‍സെമ നല്‍കിയ അസിസ്റ്റില്‍ നിന്ന് വിനി ഗോള്‍ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ 50ാം മിനിട്ടില്‍ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ നിന്ന് ബെന്‍സിമ ഗോള്‍ നേടി. എട്ട് മിനിട്ടിനുശേഷം ലഭിച്ച പെനാല്‍ട്ടി ബെന്‍സിമ ലക്ഷ്യം കണ്ടതോടെ ലീഡ് മൂന്നായി ഉയര്‍ന്നു. 80ാം മിനിട്ടില്‍ വിനീഷ്യസിന്റെ അസിസ്റ്റില്‍ നിന്ന് ഗോള്‍ നേടിയതോടെ ബെന്‍സെമ ഹാട്രിക്ക് തികക്കുകയായിരുന്നു. ഇതോടെ സ്വന്തം മൈതാനത്ത് ബാഴ്‌സക്ക് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടിവരികയായിരുന്നു.

Content Highlights: Fans criticize Lewandowski after the loss against Real Madrid