| Thursday, 2nd February 2023, 3:17 pm

അന്ന് രോഹിത് ശര്‍മ അവനോട് ചെയ്തത് തന്നെയല്ലേ ഹര്‍ദിക് ഇന്ന് പൃഥ്വി ഷായോടും ചെയ്തത്;  യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ഹീറോ ആണോ അതോ വില്ലനോ? 

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ സന്ദര്‍ശകരെ പരാജയപ്പെടുത്തി 2023ലെ നാലാം പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പടുകൂറ്റന്‍ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

168 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ഗുജറാത്തില്‍ കുറിച്ചത്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടി-20 വിജയവുമാണിത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 234 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികളെ 66 റണ്‍സിന് എറിഞ്ഞിടുകയുമായിരുന്നു.

സെഞ്ച്വറിയുമായി ശുഭ്മന്‍ ഗില്ലും വെടിക്കെട്ട് പ്രകടനവുമായി രാഹുല്‍ ത്രിപാഠിയും ബാറ്റിങ്ങില്‍ കസറിയപ്പോള്‍ ഹര്‍ദിക് പാണ്ഡ്യയും ഉമ്രാന്‍ മാലിക്കും അര്‍ഷ്ദീപും മാവിയും ബൗളിങ്ങില്‍ തിളങ്ങി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ട്, മൂന്ന് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. പരമ്പര സ്വന്തമാക്കിയതിന് ശേഷം നടന്ന ട്രോഫി പ്രെസന്റേഷനില്‍ ട്രോഫിയേറ്റുവാങ്ങിയ ഹര്‍ദിക് അത് ഉയര്‍ത്താന്‍ പൃഥ്വി ഷാക്ക് നല്‍കുകയായിരുന്നു.

ട്രോഫിയേറ്റുവാങ്ങിയ പൃഥ്വി ഷാ ഏറെ സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് ട്രോഫി ഉയര്‍ത്തിയത്.

എന്നാല്‍ ഹര്‍ദിക്കിന്റെ ഈ പ്രവര്‍ത്തിയില്‍ ആരാധകര്‍ ഒരേസമയം സന്തോഷിക്കുകയും കലിപ്പാവുകയും ചെയ്യുന്നുണ്ട്. ഒരു യുവതാരത്തിന് ട്രോഫി നല്‍കിയതാണ് സ്വാഭാവികമായും ആരാധകരെ സന്തോഷിപ്പിച്ചതെങ്കില്‍ ഷായെ ഒരു മത്സരം പോലും കളിപ്പിക്കാത്തതിലാണ് അവര്‍ കലിപ്പായിരിക്കുന്നത്.

നിരന്തരമായി പരാജയപ്പെടുന്ന ഇഷാന്‍ കിഷന് തന്നെ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ കളിപ്പിക്കുകയും ഷായുടെ അവസരം നിഷേധിച്ചതിലുമാണ് ആരാധകര്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നത്.

ഇന്ത്യക്കായി ഐ.സി.സി കിരീടം നേടി തന്ന ക്യാപ്റ്റനെയാണ് ഒരു മത്സരം പോലും കളിപ്പിക്കാതെ ട്രോഫി ഉയര്‍ത്താന്‍ നല്‍കിയതെന്നും ഇത് ഷായെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറയുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം സ്‌ക്വാഡില്‍ ഇടം നേടിയ ഷാക്ക് ഒറ്റ മത്സരം പോലും ഈ പരമ്പരയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇനി ഐ.പി.എല്‍ കഴിയാതെ ഇന്ത്യക്ക് ടി-20 മത്സരം കളിക്കാനില്ല എന്നതിനാല്‍ തന്നെ ഷായുടെ കാത്തിരിപ്പ് ഇനിയും നീളും.

ടി-20 പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യ ചെയ്തതെന്തോ അത് തന്നെയാണ് ഏകദിന പരമ്പരയില്‍ വിജയിച്ചപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചെയ്തത്. ഒരു മത്സരം പോലും കളിക്കാന്‍ അവസരം നല്‍കാതെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത്തിന് ട്രോഫി നല്‍കുകയും അത് ഉയര്‍ത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കിവീസിനെതിരായ ടി-20 പരമ്പരയും വിജയിച്ചതോടെ 2023ലെ ഇന്ത്യയുടെ നാലാം പരമ്പര വിജയമാണിത്. നേരത്തെ ശ്രീലങ്കക്കെതിരെ ഏകദിന- ടി-20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയും അതുതന്നെ ആവര്‍ത്തിക്കുകയായിരുന്നു.
Content highlight: Fans criticize Hardik Pandya for not playing Prithvi Shaw
We use cookies to give you the best possible experience. Learn more