| Tuesday, 18th July 2023, 4:37 pm

'ഞങ്ങളുടെ ഗോട്ടിന് പ്രായമായി'; 'പുതിയ കളിക്കാരെ ടീമിലെത്തിക്കൂ'; റോണോയെ പരിഹസിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് അല്‍ നസര്‍ ഏറ്റുവാങ്ങിയത്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സെല്‍റ്റ വിഗോ അല്‍ നസറിനെ തോല്‍പ്പിക്കുകയായിരുന്നു. മത്സരത്തില്‍ 45 മിനിട്ട് മാത്രമാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചിരുന്നത്.

മത്സരത്തിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് അല്‍ നസറിനെ തേടിയെത്തിയത്. കളിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതിനാല്‍ റൊണാള്‍ഡോയെ പരിഹസിച്ച് ആരാധകര്‍ ട്വീറ്റ് ചെയ്തിരുന്നു.

‘ഗോട്ടിന് പ്രായമായി വരികയാണ്, കൂടുതല്‍ താരങ്ങളെ ക്ലബ്ബിലെത്തിക്കൂ’ എന്നാണ് ആരാധകരിലൊരാള്‍ റൊണാള്‍ഡോയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ‘റൊണാള്‍ഡോ ഓഫ് ആയി, ടി.വിയും ഓഫ് ചെയ്‌തോളൂ’, ‘റൊണാള്‍ഡോയുമില്ല പാര്‍ട്ടിയുമില്ല, ഗുഡ് ബൈ’ എന്ന് തുടങ്ങുന്ന ട്വീറ്റുകളാണ് ഉയര്‍ന്നുവരുന്നത്.

അതേസമയം, മത്സരത്തിന് ശേഷം സൗദി ലീഗിന്റെ നിലവാരത്തെ കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു. മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ച ലീഗാണ് സൗദിയുടേതെന്നാണ് ക്രിസ്റ്റ്യാനോ പറഞ്ഞത്. ഭാവിയില്‍ എം.എല്‍.എസിലേക്ക് മാറുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലേക്ക് മാത്രമല്ല, ഇനി യൂറോപ്യന്‍ ക്ലബ്ബിലേക്ക് പോകില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.

‘എനിക്ക് 38 വയസായി. ഇനി യൂറോപ്യന്‍ ക്ലബ്ബില്‍ ഞാന്‍ കളിക്കില്ല. യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലവാരം നഷ്ടപ്പെട്ടുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മാത്രമാണ് യൂറോപ്പില്‍ നിലവാരമുള്ളത്. അത്രയും നിലവാരം സ്പാനിഷ് ലീഗിനില്ല. പോര്‍ച്ചുഗീസ് ലീഗ് മികച്ചതാണെങ്കിലും അവിടെയും വേണ്ടത്ര നിലവാരമില്ല. ജര്‍മന്‍ ലീഗും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. യൂറോപ്പില്‍ ഇനി കളിക്കില്ലെന്ന് ഉറപ്പാണ്. ഞാന്‍ ഇനി സൗദി ലീഗില്‍ തുടരും.’ റൊണാള്‍ഡോ പറഞ്ഞു.

വ്യാഴാഴ്ച നടക്കുന്ന മറ്റൊരു മത്സരത്തില്‍ അല്‍ നസര്‍ പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്കയെ നേരിടും.

Content Highlights: Fans criticize Cristiano Ronaldo

We use cookies to give you the best possible experience. Learn more