'അയാള്‍ക്ക് ഞങ്ങളെ ഒരിക്കല്‍ പോലും സന്തോഷിപ്പിക്കാനാവില്ല'; തോല്‍വിക്ക് പിന്നാലെ ആന്‍സലോട്ടിക്ക് വിമര്‍ശനം
Football
'അയാള്‍ക്ക് ഞങ്ങളെ ഒരിക്കല്‍ പോലും സന്തോഷിപ്പിക്കാനാവില്ല'; തോല്‍വിക്ക് പിന്നാലെ ആന്‍സലോട്ടിക്ക് വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th July 2023, 8:48 am

കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം. മത്സരത്തില്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിക്കും സംഘത്തിനും മികവ് പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

ഡല്ലാസില്‍ നടന്ന എല്‍ ക്ലാസിക്കോയുടെ തോല്‍വിക്ക് പിന്നാലെ ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ് ആന്‍സലോട്ടിക്ക് നേരെ ഉയരുന്നത്. ആന്‍സലോട്ടിക്ക് ഒരിക്കല്‍ പോലും തങ്ങളെ സന്തോഷിപ്പിക്കാനാകില്ലെന്നും മോശം ലൈനപ്പ് കാരണമാണ് റയലിന് തോല്‍വി വഴങ്ങേണ്ടി വന്നതെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.

‘അങ്ങനെ ചൗമേനി സ്റ്റാര്‍ട്ടിങ്ങില്‍ എത്തി. പക്ഷെ മെന്‍ഡി എന്തിന്?’ ‘മെന്‍ഡിക്ക് പകരം ഫ്രാന്‍ ഗാര്‍ഷ്യ ആയിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി’, ‘മെന്‍ഡിക്ക് പകരം ഗാര്‍ഷ്യയെ ആന്‍സലോട്ടിക്ക് ഇറക്കാമായിരുന്നില്ലേ?’ എന്നിങ്ങനെ പോകുന്നു ട്വീറ്റുകള്‍.

ബാഴ്‌സലോണക്കായി ഉസ്മാന്‍ ഡെംബെലെ, ഫെര്‍മിന്‍ ലോപ്പസ് മാര്‍ട്ടിന്‍, ഫെറാന്‍ ടോറസ് എന്നീ താരങ്ങളാണ് ഗോള്‍ നേടിയത്. ഗോള്‍ കീപ്പര്‍ ടെഗര്‍ സ്‌റ്റേഗന്റെ മിന്നല്‍ സേവുകളും ബ്ലൂഗ്രാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ലോസ് ബ്ലാങ്കോസിന്റെ ഗോളെന്നുറപ്പിച്ച നാലോളം ഷോട്ടുകളും അത്ഭുതകരമായി തടഞ്ഞുവെക്കാന്‍ സ്‌റ്റേഗന് സാധിച്ചു.

മത്സരത്തിന്റെ 15ാം മിനിട്ടിലാണ് ഡെംബലയിലൂടെ ബാഴ്‌സ ലീഡെടുത്തത്. ഏതാനും മിനിട്ടുകള്‍ക്ക് പിന്നാലെ സമനില പിടിക്കാനുള്ള അവസരം റയലിന് ഒത്തുവന്നെങ്കിലും പാഴാവുകയായിരുന്നു. ടീമിന് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചെങ്കിലും കിക്കെടുത്ത വിനീഷ്യസ് ജൂനിയറിന് പിഴച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയുടെ 85ാം മിനിട്ടിലാണ് ലോപ്പസ് മാര്‍ട്ടിന്റെ ഗോളിലൂടെ ബാഴ്‌സ ലീഡ് രണ്ടാക്കിയത്. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ ഫെറാന്‍ ടോറസിന്റെ ഗോള്‍ പിറന്നു. ഇതോടെ മത്സരം 3-0 ആയി.

Content Highlights: Fans criticize Carlo Ancelotti after the loss against Barcelona