| Thursday, 7th September 2023, 10:51 am

'ആ സമയം കൊണ്ട് ബാറ്റെടുത്ത് വീശാന്‍ പഠിച്ചിരുന്നെങ്കില്‍ ടീം രക്ഷപ്പെട്ടേനെ'; റണ്ണടിച്ചിട്ടും സൂപ്പര്‍ താരത്തിന് വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ വീണ്ടും പരാജയമേറ്റുവാങ്ങാനായിരുന്നു ബംഗ്ലാദേശിന്റെ വിധി. കഴിഞ്ഞ ദിവസം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പാകിസ്ഥാന്‍ ബംഗ്ലാ കടുവകളെ തകര്‍ത്തുവിട്ടത്.

ബാറ്റിങ്ങിലെ പോരായ്മ തന്നെയാണ് ബംഗ്ലാദേശിനെ പിന്നോട്ടടിപ്പിച്ചത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനായി വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീമും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനും മാത്രമാണ് റണ്‍സ് കണ്ടെത്തിയത്. ഇരുവരും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു.

മുഷ്ഫിഖര്‍ റഹീം 87 പന്തില്‍ നിന്നും 64 റണ്‍സ് നേടി പുറത്തായപ്പോള്‍ 57 പന്തില്‍ നിന്നും 53 റണ്‍സായിരുന്നു ഷാകിബിന്റെ സമ്പാദ്യം. 25 പന്തില്‍ 20 റണ്‍സ് നേടിയ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിനായി ഏറ്റവുമധികം റണ്‍സ് നേടിയ മൂന്നാമത് താരം.

ഒടുവില്‍ 39ാം ഓവറിലെ നാലാം പന്തില്‍ ബംഗ്ലാദേശ് 193 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പാകിസ്ഥാനായി നസീം ഷാ മൂന്ന് വിക്കറ്റും ഹാരിസ് റൗഫ് നാല്  വിക്കറ്റും നേടി. ഫഹീം അഷ്‌റഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവര്‍ ശേഷിക്കുന്ന വിക്കറ്റും പിഴുതെറിഞ്ഞു.

തുടര്‍ന്ന് 194 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ പാകിസ്ഥാന്‍ 40ാം ഓവറിലെ മൂന്നാം പന്തില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെ വിമര്‍ശനങ്ങളും ഉയരുകയാണ്. മെഹ്ദി ഹസനും ലിട്ടണ്‍ ദാസും അടക്കമുള്ള താരങ്ങള്‍ക്കെതിരെയാണ് ആരാധകര്‍ രംഗത്തുവന്നിരിക്കുന്നത്. ബംഗ്ലാദേശിന്റെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായ മെഹ്ദി ഹസന്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തുപോയപ്പോള്‍ പരിചയ സമ്പന്നനായ ദാസ് 13 പന്തില്‍ 16 റണ്‍സ് നേടിയാണ് പുറത്തായത്.

തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ച മുഹമ്മദ് നയീമിനെയും ആരാധകര്‍ വെറുതെ വിട്ടിരുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലേതെന്ന പോലെ അല്‍പംകൂടി ഉത്തരവാദിത്തം താരം കാണിക്കണമായിരുന്നു എന്നും തീയില്‍ നടക്കുന്ന സമയത്ത് കൂടുതല്‍ സമയം പ്രാക്ടീസിന് വേണ്ടി ചെലവഴിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ടീമിന് വിജയിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ പറയുന്നു.

ഏഷ്യാ കപ്പിന് മുമ്പ് താരത്തിന്റെ മാനസികമായ തയ്യാറെടുപ്പിനെയാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. ടൂര്‍ണമെന്റിന് മുമ്പ് താരം ചുട്ടുപഴുത്ത കനലിലൂടെ നടന്നിരുന്നു. ഇതിന്റെ വീഡിയോ നയീം പങ്കുവെക്കുകയും ചെയ്തിരുന്നു. മത്സരത്തിനിടെയുള്ള സമ്മര്‍ദത്തെ അതിജീവിക്കാന്‍ വേണ്ടിയായിരുന്നു നയീം ഇങ്ങനെ ചെയ്തത്.

അതേസമയം, പാകിസ്ഥാനെതിരെ തോല്‍വി വഴങ്ങിയെങ്കിലും ബംഗ്ലാദേശിന്റെ വഴി പൂര്‍ണമായും അടഞ്ഞിട്ടില്ല. സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെയും ശ്രീലങ്കക്കെതിരെയും വിജയിച്ചാല്‍ ബംഗ്ലാദേശിന് തങ്ങളുടെ ആദ്യ കിരീടം എന്ന സ്വപ്‌നത്തിലേക്ക് ഒരു അടി കൂടി വെക്കാന്‍ സാധിക്കും.

Content highlight: Fans criticize Bangladesh batters

We use cookies to give you the best possible experience. Learn more