മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് പാക് നായകന്‍ ബാബര്‍ അസം. 2022ലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള ഐ.സി.സിയുടെ സര്‍ ഗാര്‍ഫീല്‍ഡ് സോര്‍ബ്‌സ് ട്രോഫിയും ഐ.സി.സിയുടെ പോയവര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ബാബര്‍ തന്നെയായിരുന്നു.
ഓര്‍ത്തഡോക്‌സ് ക്രിക്കറ്റാണ് ബാബറിന്റെ മുഖമുദ്ര. ക്രിക്കറ്റിലെ പല ടെക്സ്റ്റ് ബുക്ക് ഷോട്ടുകളും അനായാസമായി കളിക്കുന്ന ബാബര്‍ പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ പ്രധാനി കൂടിയാണ്.
എന്നാല്‍ ഇപ്പോള്‍ ബാബറിന് ട്രോളുകളുടെ പെരുമഴയാണ്. ക്രിക്കറ്റ് പാകിസ്ഥാന്‍ എന്ന ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ഒരു വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ബാബര്‍ എയറിലായിരിക്കുന്നത്.
‘ബാബര്‍ അസം, പുതിയ മിസ്റ്റര്‍ 360’ എന്ന ക്യാപ്ഷനോടെ താരെ നെറ്റ്‌സില്‍ ഷോട്ടുകള്‍ പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ബാബറിന്റെ ഷോട്ടുകള്‍ കളിക്കാനുള്ള കഴിവിനെയല്ല, മറിച്ച് പുതിയ മിസ്റ്റര്‍ 360 എന്ന ക്യാപ്ഷനാണ് ട്രോളുകള്‍ക്ക് കാരണമായിരിക്കുന്നത്.
ഇത് വെറും ഡ്യൂപ്ലിക്കേറ്റ് കോപ്പി മാത്രമാണെന്നും 360 അല്ല വെറും 180 ഡിഗ്രി മാത്രമാണെന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് പഠിക്കാനുള്ള ശ്രമമാണോ എന്ന് ചോദിക്കുന്നവരും കുറവല്ല.
ഈ ഫെബ്രുവരിയിലോ മാര്‍ച്ചിലോ പാകിസ്ഥാന് പരമ്പരകളോ ടൂര്‍ണമെന്റുകളോ കളിക്കാനില്ല. ഏപ്രില്‍ 13നാണ് പാകിസ്ഥാന്റെ അടുത്ത പരമ്പര ആരംക്കുന്നത്. ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Fans criticize Babar Azam