കളിക്കിടെ കയ്യാങ്കളി; ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ച് ആരാധകര്‍; പോര്‍ച്ചുഗലിന് തിരിച്ചടിയായേക്കും
Football
കളിക്കിടെ കയ്യാങ്കളി; ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ച് ആരാധകര്‍; പോര്‍ച്ചുഗലിന് തിരിച്ചടിയായേക്കും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th September 2023, 11:22 am

കഴിഞ്ഞ ദിവസം യുവേഫ യൂറോകപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗല്‍ സ്ലൊവാക്യയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു.

മത്സരത്തിന് ശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകര്‍.

മത്സരത്തിന്റെ 43ാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയത്.

മത്സരത്തിന്റെ 62ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയില്‍ നിന്നും പന്ത് സ്വീകരിച്ച റൊണാള്‍ഡോ അവസരം നഷ്ടപ്പെടുത്തുകയായിരുന്നു.

 

എന്നാല്‍ പിന്നീടുള്ള താരത്തിന്റെ നീക്കം തടയാന്‍ ശ്രമിച്ച സ്ലൊവാക്യന്‍ താരമായ മാര്‍ട്ടിന്‍ ഡുബ്രാവ്കയുടെ മുഖത്തേക്ക് ബൂട്ട് കൊണ്ട് ചവിട്ടാന്‍ ശ്രമിക്കുകയാണ് താരം ചെയ്തത്. ഈ ഫൗളിന് ചുവപ്പ് കാര്‍ഡിനുള്ള സാധ്യത ഉണ്ടോയെന്ന് പരിശോധിക്കാന്‍ വാര്‍ നോക്കിയെങ്കിലും റഫറി മഞ്ഞകാര്‍ഡ് നല്‍കുകയായിരുന്നു.

എന്നാല്‍ റഫറിയുടെ തീരുമാനത്തില്‍ ആരാധകര്‍ തൃപ്തരായിരുന്നില്ല. ഇതിനുപിന്നാലെയായിരുന്നു ട്വിറ്ററിലൂടെ ആരധകര്‍ പ്രതികരിച്ചത്. റൊണാള്‍ഡോയെ മത്സരത്തില്‍ നിന്നും പുറത്താകണമെന്നായിരുന്നു ആരാധകര്‍ ട്വീറ്റ് ചെയ്തത്.

തുടര്‍ച്ചയായ അഞ്ചാം വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരാനും തൊട്ടുപുറകിലുള്ള സ്ലൊവാക്യയേക്കാള്‍ അഞ്ച് പോയിന്റ് മുന്നേറാനും പോര്‍ച്ചുഗലിന് കഴിഞ്ഞു.

റൊണാള്‍ഡോക്ക് വിലക്ക് നേരിട്ടതിനാല്‍ സൂപ്പര്‍ താരം ഇല്ലാതെയാവും അടുത്ത മത്സരത്തില്‍ പറങ്കിപ്പട കളത്തിലിറങ്ങുക ഇത് ടീമിന് വലിയ തിരിച്ചടിയാവും നല്‍കുക. സെപ്റ്റംബര്‍ 12 ന് ലെക്‌സന്‍ബര്‍ഗുമായാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.

Content Highlight : Fans Criticise Cristiano Ronaldo