ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റായ ലയണല്‍ മെസി ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു കഴിഞ്ഞ ദിവസം വരെ ആരാധകര്‍. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് ഞെട്ടിക്കുന്ന ഓഫര്‍ ഉണ്ടായിട്ടും മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെ താരത്തെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
മെസി ഒരു യഥാര്‍ത്ഥ ഇതിഹാസമാണെന്നും പണത്തോട് യാതൊരു ആര്‍ത്തിയുമില്ലാത്ത താരമാണ് അദ്ദേഹമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തിരുന്നു. താരത്തെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുണ്ട്. പണത്തിന് പ്രാധാന്യം നല്‍കി യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട ക്രിസ്റ്റ്യാനോ മെസിയെ കണ്ടുപഠിക്കണമെന്നും ഒരു യഥാര്‍ത്ഥ ഫുട്‌ബോളര്‍ എന്താണെന്ന് മെസി കാട്ടിത്തരുമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
റൊണാള്‍ഡോക്ക് അല്‍ നസര്‍ നല്‍കുന്നതിന്റെ രണ്ടിരട്ടിയാണ് അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മെസി മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്ക് അറുതി വീണത്.
മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും അതുപ്രകാരം താന്‍ ലപോര്‍ട്ടയുമായി സംഭാഷണം നടത്തിയിട്ടുണ്ടെന്നും ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ചുള്ള ഭാവി കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നും ജോര്‍ജ് മെസി പറഞ്ഞതായി പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, റൊണാള്‍ഡോയെ പ്രശംസിച്ചും ആരാധകര്‍ രംഗത്തുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി വേര്‍പിരിയേണ്ടി വന്ന റോണോ യൂറോപ്പില്‍ തന്നെ തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ അദ്ദേഹത്തെ സൈന്‍ ചെയ്യിക്കാന്‍ ക്ലബ്ബുകള്‍ മുന്നോട്ടുവരാതെ ആയപ്പോഴാണ് താരത്തിന് അറേബ്യയിലേക്ക് ചേക്കേറേണ്ടി വന്നതെന്നുമാണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡിന്റെ സ്പാനിഷ് സൂപ്പര്‍താരം കരിം ബെന്‍സെമയും സൗദി ക്ലബ്ബുമായി ഡീലിങ്‌സ് നടത്തിയിരുന്നു. അല്‍ ഇത്തിഹാദ് ആണ് ക്രിസ്റ്റ്യാനോയുടേതിന് സമാനമായ വേതനം നല്‍കി ബെന്‍സെമയെ സ്വന്തമാക്കുന്നത്. താരങ്ങളുടെ മിഡില്‍ ഈസ്റ്റിലേക്കുള്ള കൂടുമാറ്റത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റായ സെര്‍ജിയോ റാമോസും അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ട്.