| Monday, 13th February 2023, 4:34 pm

'അയാള്‍ ഒരു യഥാര്‍ത്ഥ ക്യാപ്റ്റനല്ലെന്ന് ഇപ്പോള്‍ ബോധ്യമായി' പ്രതിഷേധിച്ച് പി.എസ്.ജി ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായതിന് ശേഷം സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലൂടെയാണ് പി.എസ്.ജി കടന്നുപോകുന്നത്. ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം മൊണാക്കോക്കെതിരെ നടന്ന മത്സരത്തിലും പി.എസ്.ജി തോല്‍വി വഴങ്ങുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പി.എസ്.ജിയുടെ ക്യാപ്റ്റന്‍ മാര്‍ക്വിഞ്ഞോസിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

അദ്ദേഹം ഒരു യഥാര്‍ത്ഥ ക്യാപ്റ്റന്‍ അല്ലെന്നും മത്സരം നിയന്ത്രിക്കാന്‍ മാത്രമല്ല, ആളുകളോട് നന്നായി ഇടപഴകാനും മാര്‍ക്വിഞ്ഞോസിന് അറിയില്ലെന്നും ചിലര്‍ പറഞ്ഞു. മൊണോക്കോക്കെതിരെ നടന്ന മത്സരത്തിന് ശേഷം സഹതാരമായ കിംപെംബെ ആരാധകരോട് സംസാരിക്കുന്നത് മാര്‍ക്വിഞ്ഞോസ് വിലക്കിയിരുന്നു.

അതിന്റെ പശ്ചാത്തലത്തിലാണ് ആരാധകര്‍ താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം പ്രകടമാക്കിയത്. വാര്‍ത്താ മാധ്യമമായി ആര്‍.എം.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം ആരംഭിച്ചത് മുതല്‍ പി.എസ്.ജി നേരിടുന്ന തുടര്‍ തോല്‍വികളെയും ആരാധകര്‍ വിമര്‍ശിച്ചു. ഇതിനകം നടന്ന 10 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് പി.എസ്.ജിക്ക് ജയിക്കാനായത്. ലീഗ് വണ്ണില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മൊണാക്കോ പി.എസ്.ജിയെ കീഴ്‌പ്പെടുത്തിയത്.

കളിയുടെ തുടക്കത്തില്‍ തന്നെ അലക്‌സാണ്ടര്‍ ഗൊലോവിന്‍ നേടിയ ഒരു ഗോളില്‍ ഫ്രഞ്ച് ക്ലബ്ബിനെ വിറപ്പിച്ച മൊണാക്കോ, വിസാം ബെന്‍ യെഡറുടെ ഗോളില്‍ മത്സരം തുടങ്ങി ഇരുപത് മിനിട്ടെത്തുന്നതിന് മുമ്പേ വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു.

തുടര്‍ന്ന് മത്സരം 39 മിനിട്ട് പിന്നിട്ടപ്പോള്‍ എംറിയിലൂടെ പി.എസ്.ജി ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വിസാം ബെന്‍ യെഡറുടെ രണ്ടാം ഗോളില്‍ മൊണോക്കോ പി.എസ്.ജിയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയടിക്കുകയായിരുന്നു.

എംബാപ്പെയും, മെസിയും പരിക്ക് മൂലം കളിക്കാതിരുന്ന മത്സരത്തില്‍ റാമോസ്, ഹക്കീമി അടക്കമുള്ള താരങ്ങളും കളിച്ചിരുന്നില്ല.

ഫെബ്രുവരി 19ന് ലോസ്‌ക് ലില്ലിക്കെതിരെയാണ് ലീഗില്‍ ക്ലബ്ബിന്റെ അടുത്ത മത്സരം.
മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ ലീഗിലെ ഒന്നാം സ്ഥാനം പി.എസ്.ജിക്ക് നിലനിര്‍ത്താന്‍ സാധിക്കൂ.

Content Highlights: Fans claims against Marquinhos

We use cookies to give you the best possible experience. Learn more