അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി. ട്രംപിന്റെ വിജയത്തില്‍ ധോണി നിര്‍ണായക പങ്കുവഹിച്ചെന്നാണ് തല ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ട്രംപിനൊപ്പം ധോണി ഗോള്‍ഫ് കളിച്ചിരുന്നു. ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചാണ് ആരാധകര്‍ ട്രംപിന്റെ വിജയത്തിന്റെ ക്രെഡിറ്റും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. ധോണിയുടെ ലക്ക് ഫാക്ടറാണ് ട്രംപിന് തുണയായതെന്നാണ് ഇവര്‍ പറയുന്നത്.
എക്‌സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ ട്രംപിന്റെ വിജയത്തില്‍ ധോണിയെയും അഭിനന്ദിക്കുന്നുണ്ട്.
ഇതിനൊപ്പം തന്നെ തങ്ങളുടെ വാദം സാധൂകരിക്കാന്‍ ആരാധകര്‍ കണ്ടുപിടിക്കുന്ന ലോജിക്കും അതീവ രസകരമാണ്. അമേരിക്ക എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അത് ധോണിയുടെ ജേഴ്‌സി നമ്പറായ ഏഴ് അക്ഷരമാണെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം ഇന്നത്തെ തിയ്യതി ഒരു സിംഗിള്‍ ഡിജിറ്റിലേക്ക് മാറ്റിയാല്‍ ഏഴ് ലഭിക്കും എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് 6/11/2024 എന്നതിനെ 6+1+1+2+0+2+4= 16 എന്നും, ശേഷം 1+6=7 എന്നാക്കിയാണ് ട്രംപിന്റെ വിജയത്തില്‍ ഇവര്‍ ‘ലോജിക്കലായി’ വിശദീകരണം നല്‍കുന്നത്.
ധോണിക്കൊപ്പം ചിത്രമെടുത്ത മോദിയും ട്രംപും വിജയിച്ചുവെന്നും അടുത്ത ഊഴം 2026ല്‍ വിജയ്ക്കാണെന്നും ഇവര്‍ പറയുന്നു.
അതേസമയം, തെരഞ്ഞെടുപ്പില്‍ സ്വിങ് സ്റ്റേറ്റുകളില്‍ ഏഴിടത്തും മുന്നിലെത്തിയാണ് ട്രംപ് വിജയത്തിലേക്കെത്തിയത്. അമേരിക്കന്‍ ചരിത്രത്തില്‍ 127 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ തോറ്റ പ്രസിഡന്റ് വീണ്ടും അധികാരത്തില്‍ എത്തുന്നത്.
മിഷിഗണ്‍, അരിസോണ, പെന്‍സില്‍വാനിയ, നവാഡ, വിസ്‌കോന്‍സിന്‍, നോര്‍ത്ത് കരോലീന, ജോര്‍ജിയ എന്നീ ഏഴ് സ്വിങ് സ്‌റ്റേറ്റുകളും ട്രംപിനൊപ്പമായിരുന്നു. അറബ് ഭൂരിപക്ഷമുള്ള മിഷിഗണില്‍ ആദ്യഘട്ടത്തില്‍ കമല ഹാരിസ് മുന്‍പില്‍ എത്തിയെങ്കിലും പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു.
അതേസമയം സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം മറികടന്നു. ഇലക്ടറല്‍ വോട്ടുകള്‍ക്ക് പുറമെ പോപ്പുലര്‍ വോട്ടുകളിലും ട്രംപ് തന്നെയായിരുന്നു മുന്നിലെത്തിയത്.
റിപ്പബ്ലിക്കന്‍ ആസ്ഥാനത്ത് അണികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ട്രംപ് തന്റേത് ചരിത്ര വിജയമാണെന്ന് അഭിപ്രായപ്പെട്ടു. ഇനി അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ് വരാന്‍ പോകുന്നതെനന്നും ട്രംപ് അണികളോട് പറഞ്ഞു.
ഒഹായോ, വെസ്റ്റ് വെര്‍ജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളില്‍ വിജയിച്ചാണ് റിപബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ ഭൂരിപക്ഷം നേടിയത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 195 ഇലക്ടര്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവുക.
Content highlight: Fans Claim MS Dhoni’s Luck Factor Led Trump to Win Election