ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരയിലെ ആദ്യ മത്സരം വാംഖഡെയില്‍ ആരംഭിച്ചിരിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഥവാ ടോസ് ലഭിക്കുകയാണെങ്കില്‍ ബാറ്റിങ് തന്നെയായിരിക്കും തെരഞ്ഞെടുക്കുക എന്ന് ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ടോസിനിടെ പറഞ്ഞിരുന്നു.
മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വെടിക്കെട്ടിന് തിരി കൊളുത്തിയിരുന്നു. കാസുന്‍ രജിത എറിഞ്ഞ ആദ്യ ഓവറില്‍ 17 റണ്‍സാണ് ഓപ്പണര്‍ ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്.
സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിന്റെ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റത്തിന് കൂടിയായിരുന്നു വാംഖഡെ സാക്ഷ്യം വഹിച്ചത്. എന്നാല്‍ അരങ്ങേറ്റത്തില്‍ വേണ്ട പോലെ തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല.
അഞ്ച് പന്തില്‍ നിന്നും ഏഴ് റണ്‍സ് നേടിയാണ് ഗില്‍ പുറത്തായത്. ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
വണ്‍ ഡൗണായി ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവാണ് കളത്തിലിറങ്ങിയത്. മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം സ്‌കൈയെ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്.
സൂര്യകുമാര്‍ ക്രീസിലേക്ക് നടന്നടുത്തതോടെ അക്ഷരാര്‍ത്ഥത്തില്‍ വാംഖഡെ പൊട്ടിത്തെറിക്കുകയായിരുന്നു. സൂര്യകുമാറിന് വേണ്ടി ആര്‍പ്പുവിളിച്ച് ഇന്ത്യന്‍ ആരാധകര്‍ സ്റ്റേഡിയം കീഴടക്കി.