കര്‍മ തിരിച്ചടിക്കുന്നു; വിരാടിന്റെ നോട്ടത്തിന്‌ മുമ്പില്‍ തലകുമ്പിട്ട് ഗാംഗുലി; ഷേക് ഹാന്‍ഡ് പോലും ചെയ്തില്ല; വീഡിയോ
IPL
കര്‍മ തിരിച്ചടിക്കുന്നു; വിരാടിന്റെ നോട്ടത്തിന്‌ മുമ്പില്‍ തലകുമ്പിട്ട് ഗാംഗുലി; ഷേക് ഹാന്‍ഡ് പോലും ചെയ്തില്ല; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th April 2023, 11:21 pm

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയത്തേക്കാള്‍ ആരാധകര്‍ ആഘോഷമാക്കുന്നത് സൗരവ് ഗാംഗുലിക്ക് മേല്‍ വിരാട് കോഹ്‌ലി നേടിയ വിജയമാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്വന്തം തട്ടകത്തില്‍ വെച്ച് തകര്‍ത്തുവിട്ട് ആര്‍.സി.ബി വിജയമാഘോഷിച്ചപ്പോള്‍ വിരാട് ആരാധകര്‍ക്ക് മറ്റുപല കാരണങ്ങള്‍ കൊണ്ടും ഈ ജയം സ്‌പെഷ്യലായി.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി വിവാദവും ഫോമൗട്ടിന്റെ സമയത്ത് ബി.സി.സി.ഐയുടെ തലപ്പത്ത് നിന്നും കൈക്കൊണ്ട് തീരുമാനങ്ങളുമെല്ലാം തന്നെ ആരാധകര്‍ മറക്കാതെ മനസില്‍ സൂക്ഷിച്ചിരുന്നു. ഗാംഗുലി മെന്ററായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്വന്തം തട്ടകത്തില്‍ വെച്ച് തോല്‍പിച്ച ഈ അവസരം അവര്‍ ശരിക്കും മുതലാക്കുകയും ചെയ്തിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിയെ വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിയാണ് മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടിയിരുന്നു.

ബാറ്റിങ്ങില്‍ ക്യാപ്പിറ്റല്‍സ് ബൗളര്‍മാര്‍ക്ക് മേല്‍ വിനാശം വിതച്ച വിരാട് ഫീല്‍ഡിങ്ങിലും തന്റെ മികവ് കാട്ടിയിരുന്നു. മൂന്ന് ക്യാച്ചുകളാണ് വിരാട് ഈ മത്സരത്തില്‍ എടുത്തത്. ഇതിലെ മൂന്നാം ക്യാച്ചും അതിന് ശേഷമുള്ള വിരാടിന്റെ റിയാക്ഷനുമാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

മുഹമ്മദ് സിറാജിന്റെ പന്തില്‍ യുവതാരം അമന്‍ ഹക്കിം ഖാനെ ബൗണ്ടറി ലൈനിന് സമീപം ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഈ ക്യാച്ചിന് ശേഷം ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഡഗ് ഔട്ടില്‍ സൗരവ് ഗാംഗുലി ഇരിക്കുന്നിടത്തേക്ക് തറപ്പിച്ചൊരു നോട്ടം നോക്കിയ ശേഷമാണ് വിരാട് വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ ടീം അംഗങ്ങള്‍ക്കിടയിലേക്ക് നടന്നുചെന്നത്.

ഇതിന് പുറമെ മത്സര ശേഷം ഇരു ടീമിലെ അംഗങ്ങളും ഒഫീഷ്യല്‍സും തമ്മിലുള്ള ഷേക് ഹാന്‍ഡില്‍ നിന്നും ഇരുവരും ഒഴിഞ്ഞു മാറിയിരുന്നു.

ഒരേസമയം, ആര്‍.സി.ബി വിജയിച്ചതും വിരാട് ഗാംഗുലിക്കുള്ള മറുപടി നല്‍കിയതും ആരാധകര്‍ ആഘോഷമാക്കുകയാണ്. മത്സരത്തിന്റെ താരമായും വിരാടിനെ തെരഞ്ഞെടുത്തതോടെ ആവേശം അണപൊട്ടിയൊഴുകി.

അതേസമയം, ക്യാപ്പിറ്റല്‍സിനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തേക്ക് കയറാനും ആര്‍.സി.ബിക്കായി. ഏപ്രില്‍ 17നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

 

Content Highlight: Fans celebrating Virat Kohli’s and RCB’s victory against Delhi Capitals