| Thursday, 9th March 2023, 10:37 pm

'ഇന്നുമുതല്‍ മാര്‍ച്ച് ഒമ്പത് അന്താരാഷ്ട്ര നാഗിന്‍ ദിനമായി ആഘോഷിക്കും'

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രത്തിലാദ്യമായി ഒരു ബൈലാറ്ററല്‍ സീരീസില്‍ ഇംഗ്ലണ്ടിനെ ടി-20 ഫോര്‍മാറ്റില്‍ പരാജയപ്പെടുത്തി ബംഗ്ലാദേശ്. ചാറ്റോഗ്രാമിലെ സാഹുര്‍ അഹമ്മദ് ചൗധരി സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു ബംഗ്ലാദേശ് ചരിത്രം സൃഷ്ടിച്ചത്.

ആറ് വിക്കറ്റും 12 പന്തും ബാക്കി നില്‍ക്കവെയായിരുന്നു ബംഗ്ലാദേശിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ബംഗ്ലാദേശിനായി.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ബംഗ്ലാദേശിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും ഫില്‍ സോള്‍ട്ടും ആദ്യ വിക്കറ്റില്‍ കത്തിക്കയറിയത്. 80 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ പിറന്നത്.

35 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ഫില്‍ സോള്‍ട്ടിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. നാസും അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്. വണ്‍ ഡൗണായെത്തിയ ഡേവിഡ് മലനെ പെട്ടെന്ന് തന്നെ നഷ്ടപ്പെട്ടപ്പോള്‍ ബെന്‍ ഡക്കറ്റിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ഉയര്‍ത്തി.

എന്നാല്‍ ടീം സ്‌കോര്‍ 135ല്‍ നില്‍ക്കവെ അടുത്തടുത്ത പന്തുകളില്‍ ബട്‌ലറിനെയും ഡക്കറ്റിനെയും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് പിന്നീട് കരകയറാനായില്ല. ശേഷിച്ചവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് 156ന് ആറ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തോല്‍ക്കാന്‍ മനസില്ലായിരുന്നു. അര്‍ധ സെഞ്ച്വറി തികച്ച നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെയും ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ സിംഹങ്ങളെ തകര്‍ത്ത് കടുവകള്‍ ജയിച്ചുകയറി.

30 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുമായി 51 റണ്‍സ് നേടി ഷാന്റോ പുറത്തായപ്പോള്‍ പുറത്താകാതെ 34 റണ്‍സായിരുന്നു ഷാകിബ് സ്വന്തമാക്കിയത്.

ഒടുവില്‍ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു.

ഇതിന് പിന്നാലെ ആരാധകര്‍ സര്‍വവും മറന്നുള്ള ആഘോഷത്തിലാണ്. ഇനി മുതല്‍ മാര്‍ച്ച് ഒമ്പത് നാഗിന്‍ ദിവസമായി ആഘോഷിക്കണമെന്നും തങ്ങള്‍ ലോകചാമ്പ്യന്‍മാരെ പരാജയപ്പെടുത്തിയെന്നും ആരാധകര്‍ പറയുന്നു.

മാര്‍ച്ച് 12നാണ് പരമ്പരയിലെ അടുത്ത മത്സരം. മിര്‍പൂരിലെ ഷേര്‍-ഇ-ബംഗ്ലായാണ് വേദി.

Content Highlight: Fans celebrates Bangladesh’s historic win over England

We use cookies to give you the best possible experience. Learn more