ലോകകപ്പ് ഫൈനൽ നേരിട്ട് കാണാൻ ആരാധകർക്ക് ചിലവാകുക ലക്ഷങ്ങൾ
2022 FIFA World Cup
ലോകകപ്പ് ഫൈനൽ നേരിട്ട് കാണാൻ ആരാധകർക്ക് ചിലവാകുക ലക്ഷങ്ങൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th December 2022, 10:44 am

ഖത്തർ ലോകകപ്പിലെ പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനൽ ഘട്ടം കടന്നിരിക്കുകയാണ്. 32 ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയ ഖത്തറിന്റെ മണ്ണിൽ ഇനി ലോകകപ്പ് സ്വപ്നവുമായി അവശേഷിക്കുന്നത് വെറും നാല് ടീമുകൾ മാത്രം.

മൂന്ന് മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഫുട്ബോളിലെ പുതിയ ലോക ചാമ്പ്യൻമാർ ആരെന്ന് ലോകത്തിന് വെളിപ്പെടും.

ഡിസംബർ 18ന് ഇന്ത്യൻ സമയം 8:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറുന്ന ഫൈനൽ മത്സരം നേരിട്ട് കാണാനായി തിക്കിതിരക്കുകയാണ് ഫുട്ബോൾ ആരാധകർ.


ഏകദേശം 88000 ത്തോളം സീറ്റിങ് കപ്പാസിറ്റിയാണ് ലുസൈൽ സ്റ്റേഡിയത്തിനുള്ളത്. ഖത്തറിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയവും ഇതാണ്.

എന്നാൽ സ്റ്റേഡിയത്തിലെ സീറ്റിങ് കപ്പാസിറ്റിക്ക് താങ്ങുന്നതിലുമധികം പേർ ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾക്കായി ശ്രമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.

ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനൽ മത്സരം കാണാൻ വലിയ തുകയാണ് ആരാധകർക്ക് ചിലവാകുക. ഫൈനൽ മത്സരം കാണുന്നതിന് വേണ്ടിയുള്ള ഏറ്റവും മികച്ച സീറ്റുകൾക്ക് ഏകദേശം1.27 ലക്ഷം രൂപയോളമാണ് നിരക്ക്.

ഫൈനലിലെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് ഖത്തർ പൗരൻമാർക്ക് ഏകദേശം 16,000 ഇന്ത്യൻ രൂപയും വിദേശികൾക്ക് ഏകദേശം 47000 രൂപയുമാണ്. അതേസമയം കരിഞ്ചന്തയിൽ ഇതിന്റെ ഇരട്ടി തുകയ്ക്ക് ടിക്കറ്റ് വിറ്റ് പോകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

2018 റഷ്യൻ ലോകകപ്പിനെക്കാൾ ഏകദേശം 40 ശതമാനത്തോളമാണ് ഖത്തറിലെ ഫൈനൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിലയിൽ ഉണ്ടായ വർധനവ്.

റഷ്യൻ ലോകകപ്പിലെ ഫൈനൽ മത്സരങ്ങൾക്കുള്ള ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്ക് ഏകദേശം 60,000 ഇന്ത്യൻ രൂപയോളമായിരുന്നു.
ലോകകപ്പ് സംഘാടനത്തിനായി ഖത്തർ വലിയ രീതിയിൽ പണം മുടക്കിയിരുന്നു. ആറ് സ്റ്റേഡിയങ്ങൾ പുതുതായി നിർമിച്ച ഖത്തർ രണ്ട് സ്റ്റേഡിയങ്ങൾ പുതുക്കി പണിയുകയും ചെയ്തിരുന്നു.

എന്നാൽ ലോകകപ്പ് ചരിത്രത്തിൽ 32 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ നൽകിയ ലോകകപ്പും ഖത്തറിലേതാണ്. ഗ്രൂപ്പ്‌ ഘട്ടത്തിൽ കാറ്റഗറി നാലിൽ പെടുന്ന ടിക്കറ്റുകൾ വെറും 800 രൂപക്കാണ് ഖത്തർ പൗരന്മാർക്ക് ലഭ്യമായിരുന്നത്.

Content Highlights: Fans can spend huge amount to watch the World Cup final