കോഴ വാങ്ങിയതിന് ടീം പുറത്താക്കിയവന്‍ പറയുന്നു ദീപ്തി ശര്‍മ മാന്യതയില്ലാതൊണ് കളിച്ചതെന്ന്; പോയി പണി നോക്കെടോ എന്ന് സോഷ്യല്‍ മീഡിയ
Sports News
കോഴ വാങ്ങിയതിന് ടീം പുറത്താക്കിയവന്‍ പറയുന്നു ദീപ്തി ശര്‍മ മാന്യതയില്ലാതൊണ് കളിച്ചതെന്ന്; പോയി പണി നോക്കെടോ എന്ന് സോഷ്യല്‍ മീഡിയ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th September 2022, 1:21 pm

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്തിട്ടായിരുന്നു ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളടങ്ങിയ സീരീസിലെ മൂന്ന് കളിയും ജയിച്ചാണ് ഇന്ത്യ പരമ്പര കൈപ്പിടിയിലൊതുക്കിയത്.

ഇന്ത്യന്‍ ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ വിരമിക്കല്‍ മത്സരം കൂടിയായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം മത്സരം. ജുലന് വേണ്ടി മത്സരം ജയിക്കുക എന്ന ദൃഢനിശ്ചയത്തോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് പതിയെ വിജയത്തിലേക്കടുക്കുകയായിരുന്നു. ആറ് ഓവറിലധികം ബാക്കി നില്‍ക്കെ 17 റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ്തി ശര്‍മയുടെ മികച്ച നീക്കം ഇംഗ്ലണ്ടിന്റെ അവസാന താരമായിരുന്ന ഷാര്‍ലെറ്റ് ഡീനിനെ പുറത്താക്കുകയായിരുന്നു.നോണ്‍ സ്‌ട്രൈക്കറായ ഷാര്‍ലെറ്റിനെ റണ്‍ ഔട്ടിലൂടെയായിരുന്നു ദീപ്തി ശര്‍മ പുറത്താക്കിയത്.

എന്നാല്‍ ദീപ്തി ഷാര്‍ലെറ്റിനെ പുറത്താക്കിയ രീതി ഏറെ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ഇത്തരത്തിലുള്ള പുറത്താക്കല്‍ രീതി ഐ.സി.സി നിയമവിധേയമാക്കിയിട്ടും ആരാധകരും പ്രത്യേകിച്ച് ഇംഗ്ലണ്ട് പുരുഷ താരങ്ങളുമായിരുന്നു വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.

ഇത് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഇതിനെല്ലാത്തിനുമുള്ള കൃത്യമായ മറുപടി മത്സരശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ വിമര്‍ശകര്‍ക്ക് നല്‍കിയിരുന്നു.

ഇത് ക്രിക്കറ്റിലുള്ളതാണെന്നും ദീപ്തി നിയമവിധേയമായിട്ടാണ് കളിച്ചതെന്നുമായിരുന്നു കൗര്‍ പറഞ്ഞത്.

ദീപ്തി ശര്‍മയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് മുന്‍ പാക് താരം മുഹമ്മദ് ആസിഫും രംഗത്ത് വന്നിരുന്നു. ദീപ്തി വഞ്ചകിയാണെന്നും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ചെയ്തത് എന്നുമായിരുന്നു ആസിഫിന്റെ വിമര്‍ശനം.

ട്വിറ്ററിലൂടെയാണ് താരം ദീപ്തി ശര്‍മക്കെതിരെ വിമര്‍ശനമുന്നയിച്ചത്.

‘ബൗള്‍ ചെയ്യാനുള്ള ഒരു ഉദ്ദേശവും അവള്‍ക്കുണ്ടായിരുന്നില്ല. അവള്‍ നോണ്‍ സ്‌ട്രൈക്കറെ ചീറ്റ് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇത് ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്തതാണ്. ക്രിക്കറ്റ് സ്പിരിറ്റിന് ചേരാത്ത നടപടിയാണിത്.
#mankading #mankad #Cheater #INDvsENG,’ എന്നായിരുന്നു ആസിഫിന്റെ ട്വീറ്റ്.

എന്നാല്‍ ഇതോടെ ആസിഫ് എയറിലായിരിക്കുകയാണ്. കോഴ വാങ്ങിയതിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്തായവന്റെ വാക്കുകള്‍ ആര് വിലവെക്കുന്നുവെന്നും ആരാണ് യഥാര്‍ത്ഥ ചീറ്റര്‍ എന്ന് ക്രിക്കറ്റ് ലോകത്തിന് വ്യക്തമാണെന്നും ആളുകള്‍ പറയുന്നുണ്ട്.

ഒരു കാര്യവുമില്ലാതെ ചൊറിയാന്‍ ചെന്ന് ആവശ്യത്തിന് വാങ്ങിച്ചുകൂട്ടിയ ആസിഫിന്റെ അവസ്ഥയില്‍ ‘സങ്കടപ്പെടുന്നവരും’ കുറവല്ല.

2010ലാണ് ആസിഫ് കോഴവിവാദത്തില്‍ കുടുങ്ങുന്നത്. ആസിഫിനൊപ്പം പാക് താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍ എന്നിവരും വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇവരെ ക്രിക്കറ്റില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു.

 

അതേസമയം, ദീപ്തി ശര്‍മയുടെ നീക്കത്തെ പിന്തുണച്ച് അന്താരാഷ്ട്ര ക്രിക്കറ്റിലെ നിയമനിര്‍മാതാക്കളായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി) രംഗത്തെത്തിയിരുന്നു. ദീപ്തിയുടെ പ്രവര്‍ത്തി  ക്രിക്കറ്റ് നിയമങ്ങള്‍ അനുസരിച്ചാണെന്നാണ് എം.സി.സി വിലയിരുത്തിയിരിക്കുന്നത്.

 

 

Content Highlight: Fans brutally trolls Muhammed Asif after he criticize Deepti Sharma for Mankading Charlotte Dean