| Tuesday, 25th October 2022, 7:45 pm

ശ്രദ്ധിക്കൂ നാട്ടാരേ, ഇത് റിഷി സുനക്കില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്ന വിരാട് അല്ല; ട്വീറ്റിട്ട് എയറിലായി ഇന്ത്യന്‍ ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു റിഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ സുനക്, ലിസ് ട്രസ് രാജി വെച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.

റിഷി സുനക് അധികാരത്തിലെത്തിയപ്പോള്‍ മുതല്‍ ക്രിക്കറ്റ് ആരാധകര്‍ വളരെ വ്യത്യസ്തമായ ഒരു കാര്യം കണ്ടെത്തിയിരുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസറായ ആശിഷ് നെഹ്‌റയുമായി റിഷി സുനക്കിനുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

ഇതിനൊപ്പം തന്നെ മറ്റൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പറക്കുന്നുണ്ടായിരുന്നു. വിരാട് കോഹ്‌ലി തന്റെ ചെറുപ്പകാലത്ത് ആശിഷ് നെഹ്‌റയില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നത് ‘റിഷി സുനക്കിനൊപ്പം വിരാട്’ എന്ന സര്‍ക്കാസ്റ്റിക് ക്യാപ്ഷനോടെയാണ് പ്രചരിച്ചത്.

എന്നാല്‍ ഇതിലെ സര്‍ക്കാസം മനസിലാവാതെ ആരാധകരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ച് എയറിലായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസറുദ്ദീന്‍.

ഇപ്പോള്‍ പ്രചരിക്കുന്നത് റിഷി സുനക്കിന്റെ ചിത്രമല്ല, മറിച്ച് ഇന്ത്യന്‍ താരമായിരുന്ന ആശിഷ് നെഹ്‌റയാണെന്നും യു.കെയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു അസറിന്റെ ട്വീറ്റ്.

എന്നാല്‍ ഇതോടെ എയറിലാവാനായിരുന്നു അസറിന്റെ വിധി. സര്‍ക്കാസം മനസിലാവാത്തതുകൊണ്ടാണോ ഇതുപോലൊരു പോസ്റ്റ് എന്നും വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റികളെ വിശ്വസിക്കരുതെന്നും ആരാധകര്‍ പറയുന്നു.

ഇതിനോടൊപ്പം തന്നെ റിഷബ് പന്ത് തന്റെ ചെറുപ്പകാലത്ത് ആശിഷ് നെഹ്‌റയില്‍ നിന്നും സമ്മാനം വാങ്ങുന്നതും ‘റിഷി സുനക്കില്‍ നിന്നും സമ്മാനം വാങ്ങിക്കുന്ന റിഷബ് പന്ത്’ എന്ന ക്യാപ്ഷനോടെ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

പെന്നി മോര്‍ഡന്റ് പിന്‍മാറിയതോടെയാണ് റിഷി സുനക് പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത്.  ഒക്ടോബര്‍ 28നാണ് സുനക് അധികാരമേറ്റത്.

ബോറിസ് ജോണ്‍സന്റെയും റിഷി സുനക്കിന്റെയും പേരുകളായിരുന്നു പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത്. മത്സരത്തില്‍ നിന്നും ബോറിസ് പിന്മാറുകയായിരുന്നു.

ലിസ് ട്രസ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള മത്സരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ബോറിസ് ജോണ്‍സണ്‍ രാജി വെച്ച ഒഴിവിലേക്കായിരുന്നു ലിസ് ട്രസ് എത്തിയിരുന്നത്.

എന്നാല്‍ ജനാഭിലാഷം പാലിക്കാന്‍ സാധിച്ചില്ലെന്ന് തുറന്ന് സമ്മതിച്ചുകൊണ്ടായിരുന്നു വെറും 45 ദിവസം അധികാരത്തിലിരുന്ന ശേഷം ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസ് മടങ്ങിയത്.

Content Highlight: Fans brutally trolls former Indian captain Muhammed Azharuddin as he failed to understand the sarcasm

We use cookies to give you the best possible experience. Learn more