യുവേഫ യൂറോ യോഗ്യതാ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ എര്‍ലിങ് ഹാലണ്ടിന് നേരെ കൂവലുകളുമായി ആരാധകര്‍. കഴിഞ്ഞ ദിവസം ഓസ്‌ലോയിലെ ഉല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹാലണ്ടിന് നേരെ കൂവി വിളികളുമായി ഒരു കൂട്ടം ആരാധകരെത്തിയത്.
തോല്‍വിക്ക് പിന്നാലെ ഗ്രൗണ്ടിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കാണാന്‍ ശ്രമിക്കാതെ ഹാലണ്ട് ടീം ബസില്‍ കയറുകയായിരുന്നു. തോല്‍വിക്ക് പിന്നാലെ ഹാലണ്ടിന്റെ ഈ പ്രവൃത്തി കൂടിയായപ്പോള്‍ ആരാധകര്‍ തങ്ങളുടെ ദേഷ്യവും സങ്കടവും വെളിപ്പെടുത്തുകയായിരുന്നു.
യുവേഫ യൂറോ ക്വാളിഫയറിലെ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തിലാണ് നോര്‍വേക്ക് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നത്. ബോള്‍ പൊസെഷനിലും ഷോട്ടിലും പാസിലും പാസ് ആക്യുറസിയിലും മികവ് പുലര്‍ത്തിയെങ്കിലും സ്‌കോട്‌ലാന്‍ഡ് ഗോളിലൂടെ ആ ആധിപത്യം മറികടക്കുകയായിരുന്നു.
ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് പിന്നാലെ 61ാം മിനിട്ടിലാണ് ഹാലണ്ട് ഗോള്‍ വരള്‍ച്ചക്ക് വിരാമമിടുന്നത്. പെനാല്‍ട്ടിയിലൂടെ ലഭിച്ച അവസരം ഹാലണ്ട് കൃത്യമായി മുതലാക്കിയപ്പോള്‍ ഹോം ക്രൗഡ് ആവേശത്തിലായി.
എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിട്ട് മാത്രം ബാക്കി നില്‍ക്കവെയാണ് സ്‌കോട്‌ലാന്‍ഡ് രണ്ട് ഗോളും തിരിച്ചടിക്കുന്നത്. മത്സരത്തിന്റെ 87ാം മിനിട്ടില്‍ ലിന്‍ഡണ്‍ ഡിക്‌സിന്റെ ഗോളിലൂടെ ഒപ്പമെത്തിയ സ്‌കോട്‌ലാന്‍ഡ് കെന്നി മെക്‌ലീനിന്റെ ഗോളിലൂടെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സ്‌കോട്‌ലാന്‍ഡിനായി. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ചാണ് സ്‌കോട്ടിഷ് പട ഒന്നാമത് തുടരുന്നത്.
എന്നാല്‍ നോര്‍വേ ആകട്ടെ ആദ്യ വിജയത്തിനുള്ള കാത്തിരിപ്പിലാണ്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്റോടെ നാലാം സ്ഥാനത്താണ് നോര്‍വേ. കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ട സൈപ്രസ് മാത്രമാണ് നോര്‍വേക്ക് പിന്നിലുള്ളത്.
ജൂണ്‍ 21നാണ് നോര്‍വേയുടെ അടുത്ത മത്സരം. ഉല്ലേവാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൈപ്രസാണ് എതിരാളികള്‍.
Content highlight: Fans booed Erling Haaland