| Wednesday, 27th September 2023, 1:55 pm

'ഇന്നേക്ക് ആറാം ദിവസം ടി-20യിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലിന്റെ റെക്കോഡ് ഇന്ത്യയുടെ പേരിലാകും'

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവും വലിയ ടോട്ടല്‍ എന്ന റെക്കോഡ് നേപ്പാള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരായ മത്സരത്തിലാണ് നേപ്പാള്‍ റണ്ണടിച്ചുകൂട്ടി റെക്കോഡിട്ടത്.

നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ സ്വന്തമാക്കിയത്. കുശാല്‍ മല്ലയുടെ സെഞ്ച്വറിയും ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, ദീപേന്ദ്ര സിങ് ഐറി എന്നിവരുടെ അര്‍ധ സെഞ്ച്വറിയുമാണ് നേപ്പാളിന് പടുകൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്. ടി-20യില്‍ 300 റണ്‍സ് പിന്നിടുന്ന ആദ്യ ടീം എന്ന ഖ്യാതിയും ഇതോടെ നേപ്പാളിന് സ്വന്തമായി.

34ാം പന്തിലാണ് കുശാല്‍ മല്ല സെഞ്ച്വറി തികച്ചത്. 50 പന്തില്‍ പുറത്താകാതെ 137 റണ്‍സാണ് മല്ലയുടെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത് പൗഡല്‍ 21 പന്തില്‍ 61 റണ്‍സ് നേടിയപ്പോള്‍ പത്ത് പന്തില്‍ നിന്നും പുറത്താകാതെ 52 റണ്‍സാണ് ഐറി സ്വന്തമാക്കിയത്.

എന്നാല്‍ ഈ റെക്കോഡിന് അധികം ആയുസ്സില്ലെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഈ റെക്കോഡ് ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരുന്നു. ഇക്കാരണത്താല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ ഇന്ത്യക്ക് കളിക്കേണ്ടി വന്നിരുന്നില്ല. ഇതിനാല്‍ തന്നെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഈ റെക്കോഡ് നേട്ടം അനായാസം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

നേപ്പാള്‍ – മംഗോളിയ മത്സരത്തിന്റെ ബൗണ്ടറി ലെങ്ത് കുറവായിരുന്നു എന്നായിരുന്നു ചില കോണുകളില്‍ നിന്നും ആരോപണമുയര്‍ന്നത്. ഇക്കാരണത്താലാണ് നേപ്പാള്‍ അനായാസം സിക്‌സറുകള്‍ നേടിയതെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഐ.സി.സി മാനദണ്ഡപ്രകാരമുള്ള ഡയമെന്‍ഷന്‍സ് ഗ്രൗണ്ടിനുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതേ ഗ്രൗണ്ടില്‍ വെച്ചുതന്നെയാണ് ഇന്ത്യയും തങ്ങളുടെ മത്സരങ്ങള്‍ കളിക്കുന്നത്. അതിനാല്‍ തന്നെ റണ്‍സിന്റെയും സിക്‌സറുകളുടെ പെരുമഴ തന്നെ പെയ്യുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഐ.പി.എല്ലില്‍ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളും സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത റിങ്കു സിങ്ങുമടക്കമുള്ള താരങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമ്പോള്‍ ഈ റെക്കോഡുകളെല്ലാം തകരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീം

ഋതുരാജ് ഗെയിക്വാദ് (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, രാഹുല്‍ ത്രിപാഠി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, ശിവം ദൂബെ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍)

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

യാഷ് താക്കൂര്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ, സായ് സുദര്‍ശന്‍

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏത് ടീമിനെയാകും ഇന്ത്യക്ക് നേരിടേണ്ടി വരിക എന്നത് ഇനിയും വ്യക്തമായിട്ടില്ല.

ഏഷ്യന്‍ ഗെയിംസിലെ ഗ്രൂപ്പുകളും ടീമുകളും

ഗ്രൂപ്പ് എ

നേപ്പാള്‍
മാല്‍ദീവ്‌സ്
മംഗോളിയ

ഗ്രൂപ്പ് ബി

കംബോഡിയ
ഹോങ് കോങ്
ജപ്പാന്‍

ഗ്രൂപ്പ് സി

മലേഷ്യ
സിംഗപ്പൂര്‍
തായ്‌ലന്‍ഡ്

Content Highlight: Fans believe that India will own the record of the team scoring the most runs in T20Is

We use cookies to give you the best possible experience. Learn more