| Thursday, 22nd September 2022, 5:20 pm

എല്ലാ ഗ്രൗണ്ടും സഞ്ജുവിന് ഒരു പോലെ; ചെപ്പോക്കില്‍ സഞ്ജുവിന് വേണ്ടി ആര്‍പ്പ് വിളിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ എ-ന്യൂസിലാന്‍ഡ് എ ഏകദിന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നേടിയ ഇന്ത്യ എ നായകന്‍ സഞ്ജു സാംസണ്‍ ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സ്പിന്നിനെയും പേസിനെയും ഒരുപോലെ പിന്തുണച്ച ചെപ്പോക്കിലെ പിച്ചില്‍ ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ മുട്ടിടിക്കുകയായിരുന്നു. തുടക്കം തൊട്ട് ആധിപത്യം സൃഷ്ടിച്ച ഇന്ത്യന്‍ ബൗളര്‍മാര്‍ കിവികളെ 167 റണ്‍സില്‍ ഒതുക്കുകയായിരുന്നു.

ഒരു ഘട്ടത്തില്‍ 75 റണ്‍സില്‍ എട്ട് എന്ന നിലയില്‍ ബാറ്റ് വീശിയിരുന്ന ന്യൂസിലാന്‍ഡിനെ ഒമ്പതാം വിക്കറ്റില്‍ മൈക്കള്‍ റിപ്പോണും ജോ വാക്കറും കൂടെ കരകയറ്റുകയായിരുന്നു. ടീം സ്‌കോര്‍ 164 റണ്‍സിലെത്തിച്ചാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് പൊളിഞ്ഞത്.

ഇന്ത്യ എക്കായി ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റും കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റും നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ പതിഞ്ഞ താളത്തില്‍ ബാറ്റ് വീശുകയായിരുന്നു. ഇന്ത്യക്കായി ഋതുരാജ് ഗെയ്ക്വാദും പൃഥ്വി ഷായുമാണ് ഓപ്പണിങ് ഇറങ്ങിയത്.

തുടക്കം മുതല്‍ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇന്ത്യ 32ാം ഓവറില്‍ അനായാസം വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി രജത് പാടിദാര്‍ 45 റണ്‍സ് നേടി. റുതുരാജ് ഗെയ്ക്വാദ് 41 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മൂന്നാമായി ഇറങ്ങിയ രാഹുല്‍ ത്രിപാഠി 31 റണ്‍സ് നേടിയിരുന്നു.

മത്സരം ഫിനിഷ് ചെയ്തത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. സിക്‌സറടിച്ചുകൊണ്ടായിരുന്നു അദ്ദേഹം മത്സരം ഫിനിഷ് ചെയ്തത്.

മൂന്ന് സിക്‌സറാണ് മത്സരത്തില്‍ അദ്ദേഹം അടിച്ചത്. മത്സരം ഫിനഷ് ചെയ്തതിന് ശേഷം സഞ്ജുവിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മത്സരം ഫിനിഷ് ചെയ്തതിന് ശേഷം തിരിച്ചുപവലിയനിലേക്ക് മടങ്ങവെയാണ് അദ്ദേഹത്തിനായി ആരാധകര്‍ ആര്‍പ്പുവിളിച്ചത്. സഞ്ജുവിന്റെ ആരാധക ശക്തി എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. കളിക്കാന്‍ പോകുന്നിടത്തെല്ലാം ആരാധകര്‍ അദ്ദേഹത്തിന്റെ പേര് ആര്‍ത്തുവിളിക്കാറുണ്ട്.

അയര്‍ലന്‍ഡിലും വിന്‍ഡീസിലും സിംബാബ്‌വെയിലുമൊക്കെ ഇതിന് നമ്മള്‍ സാക്ഷിയായതാണ്. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയപ്പോള്‍ കണ്ട പ്രതിഷേധവും ഇതിന്റെ തെളിവാണ്.

Content Highlight: Fans at Chepauk stadium chant for Sanju Samson after India A vs Newzealand A game

We use cookies to give you the best possible experience. Learn more