| Sunday, 13th May 2018, 7:37 pm

ആരാധകരുടെ സൈബര്‍ ആക്രമണത്തില്‍ അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ക്ഷമ ചോദിച്ചതായി അപര്‍ണ പ്രശാന്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അല്ലു അര്‍ജുന്റെ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തക അപര്‍ണ പ്രശാന്തിക്കു നേരെ ആരാധകര്‍ നടത്തിയ സൈബര്‍ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍. അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം തന്നെ വിളിച്ചുവെന്നും ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിച്ചുവെന്നും അപര്‍ണ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

“അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സംസ്ഥാന സെക്രട്ടറി പ്രഭു ശാന്തിവനം എന്ന ആള്‍ വിളിച്ചിരുന്നു. ഉണ്ടായ അപമാനത്തില്‍ ക്ഷമ ചോദിക്കുന്നതിനൊപ്പം ഇതില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടു പിടിക്കുന്ന നിമിഷം അവരെ പുറത്താക്കാം എന്ന് ഉറപ്പു തന്നു”, അപര്‍ണ പറഞ്ഞു. കൃത്യമായ ബൈലോയോട് കൂടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന് അദ്ദേഹം പറഞ്ഞതായും അപര്‍ണ അറിയിച്ചു.


Also Read: കര്‍ണാടകയില്‍ ജെ.ഡി.എസിന്റെ നിലപാട് നിര്‍ണ്ണായകം; രഹസ്യ ചര്‍ച്ചയ്ക്കായി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു


“കേരളത്തിലെ ഒരു താരാരാധക സംഘടന സംഘടനാ മര്യാദകള്‍ പറയുന്നതും പാലിക്കും എന്ന് ഉറപ്പ് തരുന്നതും സന്തോഷമുള്ള കാഴ്ചയാണ്”, അപര്‍ണ പ്രശാന്തി പ്രതികരിച്ചു. സംഘടനയുടെ ഐക്യപ്പെടലില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരെ അല്ലു അര്‍ജുന്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ നടത്തുന്ന കാംപെയിന്‍ ഈ കാരണത്താല്‍ താത്ക്കാലികമായി ഉപേക്ഷിച്ചു എന്നും പ്രഭു ശാന്തിവനം പറഞ്ഞതായി അപര്‍ണ ഫേസ്ബുക്കില്‍ കുറിച്ചു. അല്ലു അര്‍ജുന്‍ ഇന്ന് ഉത്ഘാടനം നടത്തേണ്ടിയിരുന്ന കാംപെയിനാണ് താര്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം “എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ” കണ്ടു തലവേദനയെടുത്തു എന്ന അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആരാധകരെ വിറളി പിടിപ്പിച്ചത്. തുടര്‍ന്ന് അല്ലു ആരാധകര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കൂടെ ബലാത്സംഘ ഭീഷണിയും ചിലര്‍ ഉയര്‍ത്തിയിരുന്നു.

സംഭവത്തില്‍ അപര്‍ണ പ്രശാന്തി മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. എന്തായാലും കേസിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചകള്‍ ഇല്ലെന്ന് അപര്‍ണ വ്യക്തമാക്കി. നിയമനടപടികളുമായി മുന്നോട്ടേക്ക് തന്നെ പോകുമെന്ന് അപര്‍ണ നേരത്തെ ഡൂള്‍ ന്യൂസിനോട് പറഞ്ഞിരുന്നു.


Watch DoolNews Video:

We use cookies to give you the best possible experience. Learn more