2023ലെ ഇന്ത്യയുടെ ക്യാമ്പെയ്‌നുകള്‍ക്ക് ചൊവ്വാഴ്ച തുടക്കമാവുകയാണ്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനമാണ് ടീമിന് മുമ്പിലുള്ളത്. മൂന്ന് ഏകദിനവും അത്രതന്നെ ടി-20യും അടങ്ങുന്നതാണ് ശ്രീലങ്ക-ഇന്ത്യ പരമ്പര.
പുതുവര്‍ഷം വിജയത്തോടെ തന്നെ തുടങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. പര്യടനത്തിലെ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്. സീനിയര്‍ താരങ്ങളില്ലാതെയാണ് ഇന്ത്യ ടി-20ക്കിറങ്ങുന്നത്.
യുവതാരങ്ങളാണ് പരമ്പരയില്‍ ഇന്ത്യയുടെ കരുത്ത്. പരമ്പരയില്‍ യുവതാരം ശുഭ്മന്‍ ഗില്ലിന് അവസരം ലഭിക്കുമോ എന്നറിയാനാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വസീം ജാഫര്‍ അടുത്ത വിരാട് കോഹ്‌ലിയെന്ന് വിശേഷിപ്പിച്ച ഗില്‍ തന്റെ അന്താരാഷ്ട്ര ടി-20 അരങ്ങേറ്റത്തിനാണ് തയ്യാറെടുക്കുന്നത്.
ഏകദിനത്തിലും ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവെച്ച ഗില്ലിന് ഇനി പലതും തെളിയിക്കാനുള്ളത് ടി-20 ഫോര്‍മാറ്റിലാണ്. ചൊവ്വാഴ്ച നടക്കുന്ന ആദ്യ ടി-20യില്‍ ഗില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിക്കുമെന്നും ടി-20 അരങ്ങേറ്റം ഗംഭീരമാക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന ഗില്‍ തങ്ങളുടെ അരങ്ങേറ്റ സീസണില്‍ തന്നെ ടൈറ്റന്‍സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കായിരുന്നു വഹിച്ചത്.
ഐ.പി.എല്‍ 2022ല്‍ 16 മത്സരം കളിച്ച ഗില്‍ 34.50 ശരാശരിയില്‍ 483 റണ്‍സാണ് സ്വന്തമാക്കിയത്. 132.33 ആണ് കഴിഞ്ഞ സീസണിലെ താരത്തിന്റെ പ്രഹരശേഷി. കഴിഞ്ഞ സീസണില്‍ നാല് അര്‍ധ സെഞ്ച്വറി നേടിയ ഗില്ലിന്റെ ഉയര്‍ന്ന സ്‌കോര്‍ 96 ആണ്.
ഇതേപ്രകടനം തന്നെ ഗില്ലിന് ഇന്ത്യക്ക് വേണ്ടിയും പുറത്തെടുക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.