ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഹര്‍ദിക്കിനെയും സംഘത്തെയും സഞ്ജുവിനും കൂട്ടര്‍ക്കും മറികടന്നേ മതിയാകൂ. സ്വന്തം കാണികള്‍ക്ക് മുമ്പില്‍, സ്വന്തം കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരമായതിനാല്‍ തന്നെ രാജസ്ഥാന് വിജയം അനിവാര്യമാണ്.
രാജസ്ഥാന്റെ വിജയത്തിനൊപ്പം തന്നെ മറ്റൊന്നുകൂടി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്, മറ്റൊന്നുമല്ല ജോ റൂട്ടിന്റെ ഐ.പി.എല്‍ അരങ്ങേറ്റം തന്നെ.
കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ വെച്ച് നടന്ന ഐ.പി.എല്‍ മിനി ലേലത്തിലായിരുന്നു ജോ റൂട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായ ഒരു കോടിക്കായിരുന്നു ഓക്ഷന്‍ സര്‍പ്രൈസായി റൂട്ടിനെ റോയല്‍സ് സ്വന്തമാക്കിയത്. അന്നുമുതല്‍ ആരാധകര്‍ റൂട്ടിന്റെ ആദ്യ മത്സരത്തിനായി കാത്തിരിക്കുന്നുണ്ട്.
റൂട്ടിന്റെ നെറ്റ്‌സ് സെഷനുകളുടെയും പ്രാക്ടീസ് സെഷന്റെയും വീഡിയോകള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി പങ്കുവെച്ച് റോയല്‍സ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കാറുമുണ്ട്. ഹെലികോപ്റ്റര്‍ ഷോട്ടും തന്റെ ട്രേഡ് മാര്‍ക്കായ സ്‌കൂപ് ഷോട്ടുമടക്കം താരം പ്രാക്ടീസ് സെഷനില്‍ കളിക്കുമ്പോള്‍ അതെല്ലാം ഗ്രൗണ്ടില്‍ കാണാനുള്ള ആരാധകരുടെ ആഗ്രഹവും ഇരട്ടിയാകുന്നുണ്ട്.
ജോ റൂട്ട് രാജസ്ഥാനായി കളിക്കാനിറങ്ങിയാല്‍ ഐ.പി.എല്‍ കൂടിയാണ് ചരിത്രത്തിന്റെ ഭാഗമാവുക. ഫാബ് ഫോറിലെ നാല് താരങ്ങളും കളിച്ച ലോകത്തിലെ ഏക ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐ.പി.എല്‍ മാറും.
ഫാബ് ഫോറിലെ മറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, സ്റ്റീവ് സ്മിത്, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ നേരത്തെ തന്നെ ഐ.പി.എല്ലിന്റെ ഭാഗമായിരുന്നെങ്കിലും ഇംഗ്ലീഷ് ലയണ്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായിരുന്നില്ല.
റൂട്ടിന് ടി-20 ഫോര്‍മാറ്റില്‍ തിളങ്ങാന്‍ സാധിക്കില്ലെന്ന് വിമര്‍ശകര്‍ പറയുമ്പോള്‍ തന്നെക്കൊണ്ട് ടി-20യിലും കരുത്ത് കാട്ടാന്‍ സാധിക്കുമെന്ന് പലകുറി തെളിയിച്ചാണ് താരം ഐ.പി.എല്ലിനെത്തിയത്.
ഐ.പി.എല്ലിന്റെ കൗണ്ടര്‍പാര്‍ട്ടായ ഐ.എല്‍ ടി-20യില്‍ ദുബായ് ക്യാപ്പിറ്റല്‍സിനായി റണ്ണടിച്ചുകൂട്ടിയാണ് റൂട്ട് ടി-20യും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചത്.
ഐ.എല്‍.ടി-20യിലെ ദുബായ് ക്യാപ്പിറ്റല്‍സ് – എം.ഐ എമിറേറ്റ്സ് മത്സരത്തിലായിരുന്നു റൂട്ട് തന്റെ സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തത്.
54 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയുടെയും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെ 82 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. 151.85 ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ടൂര്‍ണമെന്റില്‍ ഇതിന് മുമ്പ് നടന്ന മത്സരങ്ങളിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. മോയിന്‍ അലിയുടെ ഷാര്‍ജ വാറിയേഴ്‌സിനെതിരെ 54 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 80 റണ്‍സും ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒന്നുതന്നെയാണ്.
ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റൂട്ടിനെ കളത്തിലിറക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഐ.എല്‍ ടി-20യിലേതെന്ന പോലെ തകര്‍പ്പന്‍ വെടിക്കെട്ടും അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.
Content highlight: Fans are waiting for Joe Root’s IPL debut