നിരവധി സവിശേഷതകളാണ് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുള്ളത്. എം.എസ് ധോണിയുടെ അവസാന ഐ.പി.എല്‍ സീസണ്‍ ആണെന്നതുള്‍പ്പെടെ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള നിര്‍ണായക മത്സരം കൂടിയാണിതെന്ന പ്രത്യേകത കൂടി ഈ ഐ.പി.എല്ലിനുണ്ട്.
ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുമെല്ലാം നടക്കാനിരിക്കെ ഇത്തവണ ആരാധകരുടെ ശ്രദ്ധ സഞ്ജുവിലായിരിക്കുമെന്നതില്‍ സംശയമില്ല. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര തോറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നുകേട്ടത് സഞ്ജുവിന്റെ പേരാണ്. എന്നാല്‍ ഐ.പി.എല്ലില്‍ സഞ്ജു ഫ്‌ളോപ്പാവാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഒന്നാമത് താരത്തിന് മേലുള്ള സമ്മര്‍ദ്ദമാണ്.
ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന ആവശ്യം ശക്തമായതോടെ ആരാധകരുടെ പ്രതീക്ഷക്കൊത്ത് ഉയരണമെന്നത് താരത്തെ സംബന്ധിച്ച് വലിയ സമ്മര്‍ദ്ദം ചെലുത്തേണ്ട കാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യക്കുള്ളതിനാല്‍ അവിടെയും ഉയര്‍ന്ന് കേള്‍ക്കുന്ന പേര് സഞ്ജുവിന്റേതാണ്.
ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കുകയെന്ന വലിയ ദൗത്യം മുന്നിലുള്ളതിനാല്‍ അത് താരത്തിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
പരിക്കുകളാണ് അടുത്ത വില്ലന്‍. ശ്രീലങ്കന്‍ പരമ്പരക്കിടെ പരിക്കേറ്റ സഞ്ജു വിശ്രമത്തിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും താരം ഇപ്പോഴും പരിക്കിന്റെ പിടിയിലാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രണ്ട് മാസത്തെ വിശ്രമത്തിന് ശേഷമാണ് സഞ്ജു ഐ.പി.എല്ലിനിറങ്ങുന്നത്. എന്നിരുന്നാലും പരിക്കിന്റെ പ്രശ്‌നങ്ങള്‍ താരത്തിന്റെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതേസമയം, സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തരുതെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ഇന്ത്യക്ക് ഏത് ബാറ്റിങ് പൊസിഷനിലേക്കും ഉപയോഗിക്കാവുന്ന താരമാണ് സഞ്ജുവെങ്കിലും താരത്തിന് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം പല താരങ്ങളും സഞ്ജുവിന് വേണ്ട പിന്തുണ നല്‍കാറില്ല. ഇത്തരത്തിലുള്ള വെല്ലുവിളികള്‍ മറികടന്നുവേണം സഞ്ജുവിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍.
ഇത്തവണ സഞ്ജുവിന് ഐ.പി.എല്ലില്‍ തിളങ്ങാനായാല്‍ ഇനിയൊരിക്കല്‍ കൂടി താരത്തെ മാറ്റി നിര്‍ത്താന്‍ ടീം ഇന്ത്യക്കാവില്ല.