കഴിഞ്ഞ ദിവസം യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി – ബോറൂസിയ ഡോര്‍ട്മുണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി വിജയിച്ചിരുന്നു. മത്സരത്തിന്റെ 80ാം മിനിട്ടില്‍ ജോണ്‍ സ്‌റ്റോണ്‍സും 84ാം മിനിട്ടില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടുമാണ് സിറ്റിക്കായി ഗോള്‍ നേടിയത്.
ബോറൂസിയക്ക് വേണ്ടി ഇംഗ്ലീഷ് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമായിരുന്നു ഗോള്‍ നേടിയത്. മത്സരത്തിന്റെ 56ാം മിനിട്ടിലായിരുന്നു ജര്‍മന്‍ ജയന്റ്‌സ് മുന്നില്‍ കയറിയത്. എന്നാല്‍ കളിയവസാനിക്കാന്‍ പത്ത് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ സിറ്റി രണ്ട് ഗോള്‍ തിരിച്ചടിച്ച് വിജയം കൈപ്പിടിയിലാക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് വിജയിച്ചതെങ്കിലും സിറ്റിസണ്‍സിനേക്കാള്‍ ആവേശം മറ്റൊരു ടീമിന്റെ ആരാധകര്‍ക്കാണ്. അത് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചതുകൊണ്ടോ ഡോര്‍ട്മുണ്ട് പരാജയപ്പെട്ടതുകൊണ്ടോ അല്ല, മറിച്ച് ബൊറൂസിയക്കായി ബെല്ലിങ്ഹാം ഗോള്‍ നേടിയതാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ലിവര്‍പൂളിന്റെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കന്നത്.
ലീവര്‍പൂള്‍ ഏറെ നാളായി ബെല്ലിങ്ഹാമിന്റെ പിന്നാലെയാണ്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ബെല്ലിങ്ഹാമിനെ റെഡ്‌സ് ആന്‍ഫീല്‍ഡിലെത്തിക്കാന്‍ കോപ്പുകൂട്ടുന്നുണ്ടെന്നാണ് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ സ്‌കോര്‍ ചെയ്യുക കൂടി ചെയ്തതോടെയാണ് ആരാധകര്‍ എത്രയും പെട്ടന്ന് ബെല്ലിങ്ഹാമിനെ ടീമിലെത്തിക്കാന്‍ മോനേജര്‍ ക്ലോപ്പിനോടാവശ്യപ്പെട്ടിരിക്കുന്നത്.
ബെല്ലിങ്ഹാം ഒരു സ്‌പെഷ്യല്‍ ടാലന്റാണ് എന്നാണ് ദി ആന്‍ഫീല്‍ഡ് ടോക്ക് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ട്വീറ്റ് പങ്കുവെച്ചിരിക്കുന്നത്.
ബെല്ലിങ്ഹാം എത്തിഹാഡ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയെന്നും എത്രയും പെട്ടെന്ന് തന്നെ താരത്തെ ആന്‍ഫീല്‍ഡിലെത്തിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
എന്നിരുന്നാലും ബെല്ലിങ്ഹാമിന്റെ ഒറ്റയാള്‍ പോരാട്ടം ഡോര്‍ട്മുണ്ടിനെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല. ഡോര്‍ട്മുണ്ട് ജയിച്ചു എന്ന് കരുതിയ നിമിഷത്തില്‍ നിന്നായിരുന്നു പെപ്പിന്റെ കുട്ടികള്‍ മത്സരം റാഞ്ചിയെടുത്തത്.
കഴിഞ്ഞ ദിവസത്തെ വിജയത്തിന് പിന്നാലെ യു.സി.എല്‍ ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്താന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടും ജയിച്ച് ആറ് പോയിന്റോടെയാണ് സിറ്റി ഗ്രൂപ്പ് ലീഡറായിരിക്കുന്നത്.
ഒരു ജയവും ഒരു തോല്‍വിയുമാണ് പോയിന്റ് ടേബിളിലെ രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്മുണ്ടിനുള്ളത്.
ഒരു തോല്‍വിയും ഒരു സമനിലയുമാണ് ഗ്രൂപ്പിലെ മൂന്നും നാലും സ്ഥാനക്കാര്‍ക്കുള്ളത്. കോപ്പന്‍ഹേഗാണ് മൂന്നാമത്. ലാ ലീഗ സൂപ്പര്‍ ടീം സെവിയ്യ നാലാമതാണ്. ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ് കോപ്പന്‍ഹേഗന്‍ മൂന്നാമതും സെവിയ്യ നാലാം സ്ഥാനത്തും തുടരുന്നത്.
Content Highlight: Fans are calling for Jude Bellingham to join Liverpool