ഇന്ത്യ-ശ്രീലങ്ക ടി-20 പരമ്പരിലെ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്ക് സാധിച്ചിട്ടില്ലായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ നിരാശപ്പെടുത്തിയ ശുഭ്മന്‍ ഗില്ലും കിട്ടിയ അവസരം മുതലാക്കാന്‍ സാധിക്കാതെ പോയ സഞ്ജു സാംസണും ഏറെ പ്രതീക്ഷ നല്‍കി കളത്തിലെത്തി ഒന്നുമല്ലാതായി മടങ്ങിയ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്.
മുന്‍നിര ബാറ്റര്‍മാരെല്ലാം തന്നെ പരാജയപ്പെട്ടപ്പോള്‍ മിഡില്‍ ഓര്‍ഡറില്‍ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും മികച്ചു നിന്നു. ഇവരുടെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ഹൂഡ 23 പന്തില്‍ നിന്നും 41 റണ്‍സ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ 20 പന്തില്‍ നിന്നും 31 റണ്‍സും നേടി.
നാല് പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. അതില്‍ 130ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ളത് രണ്ട് പേര്‍ക്ക് മാത്രവും.
ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം തന്നെ പരാജയപ്പെടുമ്പോള്‍ അടുത്ത മത്സരത്തിലെങ്കിലും രാഹുല്‍ ത്രിപാഠിക്ക് ഒരു അവസരം നല്‍കാനാണ് ആരാധകര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുന്നത്.
2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായ രാഹുല്‍ ത്രിപാഠിക്ക് ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചിട്ടില്ല.
ഇതിനോടകം തന്നെ പല പരമ്പരകളുടെയും സ്‌ക്വാഡില്‍ ഇടം നേടിയെങ്കിലും ഒറ്റ മത്സരത്തില്‍ പോലും ഇന്ത്യക്കായി കളിക്കാന്‍ ത്രിപാഠിക്കായിട്ടില്ല.
ഐ.പി.എല്‍ 2022ന് ശേഷം പല സ്‌ക്വാഡിലും ത്രിപാഠി ഇത്തരത്തില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലും ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലും ഈയിടെ അവസാനിച്ച ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള സ്‌ക്വാഡിലും ഇടം കണ്ടെത്താന്‍ ത്രിപാഠിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യക്കായി ഒറ്റ മത്സരം പോലും കളിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല എന്നതാണ് ഇതിലെ ദുഃഖകരമായ വസ്തുത.
നിലവില്‍ 31 വയസുകാരനായ താരത്തെ ബി.സി.സി.ഐ ഇനിയും പരിഗണിക്കാത്തതെന്താണെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. 2022 ഐ.പി.എല്ലില്‍ ഏറ്റവുമധികം സ്ട്രൈക്ക് റേറ്റുള്ള ഇന്ത്യന്‍ താരമായിട്ടുപോലും ഇന്ത്യന്‍ ജേഴ്സിയില്‍ താരത്തിന് ഇതുവരെ ഒരു ടി-20 മത്സരം പോലും കളിക്കാന്‍ സാധിച്ചിട്ടില്ല.
ഐ.പി.എല്ലിലെ 14 മത്സരങ്ങളില്‍ നിന്നും 37.55 ശരാശരിയില്‍ 413 റണ്‍സാണ് നേടിയത്. 158.24 ആണ് അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ്.
ത്രിപാഠിക്ക് ശേഷം വന്നവരില്‍ പലരും ടീമിനായി തങ്ങളുടെ അരങ്ങേറ്റ മത്സരം കളിച്ചപ്പോള്‍ ഇന്ത്യയുടെ കരിനീല ജേഴ്‌സി ഇപ്പോഴും താരത്തിന് അന്യമായി തുടരുകയാണ്.
സ്വന്തം മണ്ണില്‍ നടക്കുന്ന ഈ പരമ്പരയിലെ അടുത്ത മത്സരത്തിങ്കിലും ത്രിപാഠി ഇന്ത്യക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍.
Content Highlight: Fans are asking BCCI to play Rahul Tripathi in the next match