ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ടര്‍ബോ. ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ചിത്രം മാസ് എന്റര്‍ടൈനറാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസാണ്. നേരത്തെ ജൂണ്‍ 13ന് റിലീസാകുമെന്ന് പറഞ്ഞ ചിത്രം മെയ് 23ലേക്ക് മാറ്റിയിരുന്നു.
റിലീസിന് വെറും രണ്ടാഴ്ച മാത്രം ബാക്കി നില്‌ക്കെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് യാതൊരു പ്രൊമോഷനും ഇതുവരെ വന്നിട്ടില്ല. ഒരു ടീസറോ ട്രെയ്‌ലറോ പോലും വരാത്ത സിനിമയുടേതായി നാല് പോസ്റ്റര്‍ മാത്രമാണ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. 40 കോടിക്കടുത്താണ് ചിത്രത്തിന്റെ ബജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയും ബജറ്റുള്ള സിനിമക്ക് ഇത്ര സൈലന്റായിട്ടുള്ള പ്രൊമോഷന്‍ ആരാധകര്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.
ഇത്രയും ബജറ്റും വന്‍ സ്റ്റാര്‍ കാസ്റ്റുമുള്ള സിനിമക്ക് വേണ്ട രീതിയില്‍ പ്രൊമോഷന്‍ കൊടുക്കാത്തത് എന്താണെന്നും, ഓരോ സിനിമക്കും വേണ്ടി മറ്റുള്ള നടന്മാര്‍ ഓടിനടന്ന് പ്രൊമോഷന്‍ ചെയ്യുന്നത് കാണാറില്ലേ എന്നുമാണ് പലരും ചോദിക്കുന്നത്. ലോകമെമ്പാടും 50ഓളം രാജ്യങ്ങളില്‍ ടര്‍ബോ റിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് മുമ്പ് മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിനും ഇത്തരത്തില്‍ പ്രൊമോഷന്‍ കൊടുക്കാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ തിയേറ്ററില്‍ ചിത്രം ഗംഭീര കളക്ഷനാണ് നേടിയത്. കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷനില്‍ പ്രൊമോഷനില്ലാത്തതിന്റെ കുറവ് കാണാന്‍ സാധിച്ചുവെന്നും, അതേ അവസ്ഥ ടര്‍ബോയ്ക്കും ഉണ്ടാവരുത് എന്നുമാണ് ആരാധകരില്‍ ഒരു വിഭാഗത്തിന്റെ അഭ്യര്‍ത്ഥന.
Content Highlight: Fans are against Turbo team for no promotion for Turbo