'ഇവനോട് ബി.സി.സി.ഐയും സെലക്ടര്‍മാരും കാണിച്ച അവഗണനയൊന്നും ഒരു സഞ്ജുവിനോടും കാണിക്കുന്നില്ല'
Sports News
'ഇവനോട് ബി.സി.സി.ഐയും സെലക്ടര്‍മാരും കാണിച്ച അവഗണനയൊന്നും ഒരു സഞ്ജുവിനോടും കാണിക്കുന്നില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th July 2024, 11:01 am

 

പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴില്‍ ആദ്യ അങ്കത്തിനൊരുങ്ങുകയാണ് ഇന്ത്യ. ശ്രീലങ്കക്കെതിരെ മൂന്ന് ടി-20യും അത്ര തന്നെ ഏകദിനവുമാണ് ഇന്ത്യ എതിരാളികളുടെ തട്ടകത്തില്‍ കളിക്കുക. ടി-20 പരമ്പരയാണ് ഇതില്‍ ആദ്യം.

സൂര്യകുമാര്‍ യാദവിനെ നായകനാക്കിയാണ് ഇന്ത്യ ടി-20 പര്യടനത്തിനുള്ള സ്‌ക്വാഡ് ഒരുക്കിയിരിക്കുന്നത്. ഈ സ്‌ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ ആരാധകര്‍ വിമര്‍ശനങ്ങളുമുന്നയിച്ചിരുന്നു. ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയ അഭിഷേക് ശര്‍മയെ അടക്കം പുറത്തിരുത്തിയാണ് ഇന്ത്യ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഏകദിനത്തില്‍ മികച്ച ട്രാക്ക് റെക്കോഡുള്ള സഞ്ജു സാംസണെ ഏകദിന സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതെ ടി-20 ടീമിന്റെ മാത്രം ഭാഗമാക്കിയതും ചര്‍ച്ചയായിരുന്നു.

എന്നാല്‍ അപെക്‌സ് ബോര്‍ഡ് സ്ഥിരമായി അവഗണിക്കുന്ന മറ്റൊരു സൂപ്പര്‍ താരത്തെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സൂപ്പര്‍ താരം യൂസ്വേന്ദ്ര ചഹലിനോടുള്ള അപെക്‌സ് ബോര്‍ഡിന്റെ അവഗണനയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

2021 ടി-20 ലോകകപ്പിലും 2022 ടി-20 ലോകകപ്പിലുമടക്കം പുറത്തിരുത്തിയ ചഹലിന് ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് 2024 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളിയെത്തിയത്. എന്നാല്‍ ബെഞ്ചില്‍ തന്നെയായിരുന്നു താരത്തിന്റെ സ്ഥാനം.

ലോകകപ്പിന് ശേഷം ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരക്കായി സിംബാബ്‌വേയിലേക്ക് പറന്നപ്പോഴും ചഹലിന് അവസരമുണ്ടായിരുന്നില്ല. ലോകകപ്പില്‍ പ്ലെയിങ് ഇലവന്റെ ഭാഗമാകാതിരുന്ന സഞ്ജു സാംസണ്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും യശസ്വി ജെയ്‌സ്വാള്‍ ഓപ്പണറുമായപ്പോള്‍ ചഹലിന്റെ സ്ഥാനം സ്‌ക്വാഡിന് പുറത്തായിരുന്നു.

ഇപ്പോള്‍ പുറത്തുവിട്ട ശ്രീലങ്കക്കെതിരായ സ്‌ക്വാഡിലും താരത്തിന് അവസരമുണ്ടായിരുന്നില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിരലിലെണ്ണാവുന്ന  ടി-20 ഐ  മത്സരം മാത്രമാണ് ചഹല്‍ കളിച്ചത്.

കഴിവുണ്ടായിട്ടും അവഗണിക്കപ്പെടുന്ന താരങ്ങളില്‍ ഒന്നാമനാണ് ചഹലെന്ന് പറയേണ്ടി വരും. ഐ.പി.എല്ലില്‍ 20 വിക്കറ്റ് നേടിയ ഏക ബൗളര്‍, ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരം തുടങ്ങി താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ട നേട്ടങ്ങള്‍ അനവധിയാണ്.

2021ല്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി കളിക്കവെ 15 മത്സരത്തില്‍ നിന്നും 18 വിക്കറ്റാണ് താരം നേടിയത്. വിക്കറ്റ് വേട്ടയില്‍ ആറാം സ്ഥാനക്കാരന്‍. അടുത്ത സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കി.

ചിന്നസ്വാമിയില്‍ നിന്നും സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെത്തിയ ചഹല്‍ കൂടുതല്‍ അപകടകാരിയായി. 17 മത്സരത്തില്‍ നിന്നും ഒരു ഫൈഫറടക്കം 27 വിക്കറ്റ്. വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. എന്നിട്ടും ആ വര്‍ഷത്തെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും താരം പുറത്തായിരുന്നു.

 

ഇന്ത്യക്കായി കളിച്ച 79 ഇന്നിങ്‌സില്‍ നിന്നും 96 വിക്കറ്റ്. ഒരു തവണ ആറ് വിക്കറ്റ് നേട്ടം. 18.37 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ്. ഇതെല്ലാമുണ്ടായിട്ടും ചഹലിനോട് കാണിക്കുന്ന അവഗണനയേക്കാള്‍ വലുതല്ല അപെക്‌സ് ബോര്‍ഡ് സഞ്ജുവിനോട് കാണിക്കുന്നത്, മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ടീം സെലക്ട് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യന്‍ ടീമിലുണ്ടാകേണ്ട പ്രധാന താരം തന്നെയാണ് ചഹല്‍ എന്നെല്ലാമാണ് ഈ അവഗണനയില്‍ ആരാധകര്‍ പറയുന്നത്.

ജൂലൈ 23ന് ചഹലിന് 34 വയസ് തികയും. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോ എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Fans are against BCCI’s stance of not including Yuzvendra Chahal in the team