ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഐ.പി.എല്‍ ജേതാക്കളാക്കിയതിന് പിന്നാലെയാണ് ടെസ്റ്റ് ടീമിലേക്കുള്ള അജിന്‍ക്യ രഹാനെയുടെ തിരിച്ചുവരവിന് കളമൊരുങ്ങിയത്. പഴയ ഫോം വീണ്ടെടുത്തതിന് പിന്നാലെ മധ്യനിരയില്‍ ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായി മാറാനും രഹാനെക്ക് സാധിച്ചിരുന്നു.
അതേ പോരാട്ട മികവ് തന്നെയാണ് ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനവും താരം പുറത്തെടുത്തത്. മുന്നേറ്റനിര തകര്‍ന്നപ്പോഴും നാലാമനായെത്തിയ താരം നിര്‍ണായകമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ രവീന്ദ്ര ജഡേജക്കൊപ്പം 71 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
രണ്ടാം ദിനം വിരലിന് പരിക്കേറ്റിട്ടും പ്ലാസ്റ്റര്‍ ഒട്ടിച്ചാണ് താരം ബാറ്റിങ് തുടര്‍ന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഫൈനലില്‍ മൂന്നാം ദിനം 92 പന്തില്‍ നിന്ന് 52 റണ്‍സുമായി രഹാനെ ബാറ്റിങ് തുടരുകയാണ്. മൂന്നാം ദിനം രഹാനെയിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ മുഴുവന്‍.
രണ്ടാം ദിവസം ബാറ്റിങ്ങിന് ഇടയില്‍ രഹാനെ എല്‍.ബി.ഡബ്ല്യു ആയിരുന്നു. അമ്പയര്‍ ഔട്ട് അനുവദിച്ചെങ്കിലും ഉടനെ തന്നെ റിവ്യൂ തേടിയ രഹാനെ ഓസീസ് ടിമിനെ ഞെട്ടിച്ചു.
റീപ്ലേകളില്‍ പന്ത് നോബോള്‍ ആണെന്ന് തേര്‍ഡ് അമ്പയര്‍ വിധിക്കുകയായിരുന്നു. രണ്ടാം ദിനം വീണ് കിട്ടിയ ഭാഗ്യം മുതലാക്കാന്‍ താരത്തിന് കഴിഞ്ഞാല്‍ മാത്രമെ ഈ ടെസ്റ്റില്‍ ഇന്ത്യക്ക് സാധ്യതകള്‍ അവശേഷിക്കുന്നുള്ളൂ.
ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 29 പന്തില്‍ നിന്ന് 71 റണ്‍സെടുത്ത അതേ രഹാനെയാണ് ഇവനെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ചോദിക്കുന്നത്. ബൗളര്‍മാരെ തല്ലിത്തകര്‍ത്ത അതേ താരമാണോ ഇതെന്നാണ് ട്രോളന്മാരും ചോദിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ അജിന്‍ക്യ രഹാനെയുടെ പ്രകടനത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ സ്വന്തം ആഹ്ലാദം പങ്കുവെച്ചു. രണ്ടാം ദിനം രഹാനെ ബാറ്റ് ചെയ്യുന്ന ചിത്രം സഹിതമായിരുന്നു ഈ പോസ്റ്റ്. ഇന്നത്തെ പോരാട്ടത്തിനായി വിസില്‍ ഫോര്‍ ബ്ലൂ എന്നാണ് സി.എസ്.കെ ട്വീറ്റ് ചെയ്തത്.