ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിന് എഡ്ജ്ബാസ്റ്റണില്‍ തുടക്കമായിരിക്കുകയാണ്. ആദ്യ കളി തന്നെ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
ആദ്യ മത്സരം കളിച്ച ടീമില്‍ നിന്നും നാല് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കുന്നത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന വിരാട് കോഹ്‌ലി ടീമിനൊപ്പം ചേര്‍ന്നതാണ് ടീമിലെ ഏറ്റവും വലിയ ഹൈലൈറ്റ്.
വിരാടിന് പുറമെ റിഷബ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ടീമില്‍ നിന്നും പുറത്തായത്.
രണ്ടാം മത്സരത്തിന്റെ ആവേശമുള്‍ക്കൊണ്ട ആരാധകര്‍ ടീം സെലക്ഷനില്‍ അത്ര തൃപ്തരല്ല. ഒന്നാം മത്സരത്തില്‍ കസറിയ ദീപക് ഹൂഡയടക്കമുള്ള താരങ്ങളെ പുറത്തിരുത്തി ഇന്ത്യ ഇലവന്‍ പ്രഖ്യാപിച്ചതോടെയാണ് ആരാധകര്‍ കലിപ്പായത്.
ദീപക്കിന് പകരം വിരാടാണ് താരത്തിന്റെ പൊസിഷനില്‍ കളിക്കുന്നത്.
ഇതോടെയാണ് ദീപക്കിനെ പുറത്താക്കിയതില്‍ ആരാധകര്‍ ഒന്നടങ്കം മാനേജ്‌മെന്റിനെയും ബി.സി.സി.ഐയെയും വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തില്‍ മാസ്മരിക പ്രകടനമാണ് ദീപക് പുറത്തെടുത്തത്. സഞ്ജുവിനൊപ്പം ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച കൂട്ടുകെട്ടും പടുത്തുയര്‍ത്തിയ ഹൂഡ തന്നെയായിരുന്നു പരമ്പരയിലെ താരവും.
ഇതിന് ശേഷം നടന്ന സന്നാഹ മത്സരത്തിലും എതിര്‍ ടീം താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു.
ആറ് മത്സരങ്ങളിലാണ് ഹൂഡ ഇന്ത്യയ്ക്കായി ബാറ്റേന്തിയിട്ടുള്ളത്. 68.3 ശരാശരിയിലും 172.3 എന്ന സ്‌ട്രൈക്ക് റേറ്റിലും 205 റണ്‍സാണ് താരം സ്വന്തമാക്കിയത്.
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന ടി-20 മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകാണ്.
ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത്, ദിനേശ് കാര്‍ത്തിക്ക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസപ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍.
Content highlight: Fans Against Virat Kohli and BCCI after dropping Deepak Hooda From playing eleven