| Thursday, 6th July 2023, 4:58 pm

ഇവനൊക്കെ എങ്ങനെ ടീമില്‍ കയറിപ്പറ്റി 😲😲; ഡെത്ത് ഓവര്‍ ചെണ്ടയെയും കൂട്ടിയാണോ വിന്‍ഡീസിലേക്ക് പറക്കുന്നത്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരെല്ലാം തന്നെ ആവേശത്തിലായിരുന്നു. യശസ്വി ജെയ്‌സ്വാളിന്റെയും തിലക് വര്‍മയുടെയും നാഷണല്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തിന് ഈ പര്യടനം വഴിയൊരുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

വിരാട് കോഹ്‌ലിയടക്കമുള്ള പല സീനിയര്‍ താരങ്ങളെയും പുറത്തിരുത്തി, യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിനെ കൂടിയാണ് ഈ സ്‌ക്വാഡില്‍ ആരാധകര്‍ കാണുന്നത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്‍സ് നിലനിര്‍ത്തിയ സ്‌ക്വാഡില്‍ ആവേശ് ഖാന്‍ ഇടം നേടിയതാണ് ആരാധകര്‍ക്ക് കല്ലുകടിയാകുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ അത്രകണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ആവേശ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ അല്‍പം കലിപ്പിലാണ്.

ഐ.പി.എല്‍ 2023ലെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ എക്കോണമി പത്തിനോടടുപ്പിച്ചാണ്. 35.38 എന്ന ശരാശരിയിലും 9.76 എന്ന എക്കോണമിയിലുമാണ് താരം സീസണില്‍ പന്തെറിഞ്ഞത്.

ഇതിന് പുറമെ ടി-20 ഫോര്‍മാറ്റിലെ ഡെത്ത് ഓവറില്‍ ആവേശിന്റെ മോശം പ്രകടനമാണ് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്നത്. ഇന്ത്യന്‍ നിരയില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും മോശം എക്കോണമി റേറ്റുള്ള താരമാണ് ആവേശ് ഖാന്‍. 13നോട് അടുപ്പിച്ചാണ് ഡെത്ത് ഓവറില്‍ താരത്തിന്റെ ബൗളിങ് പ്രകടനം.

ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും മോശം എക്കോണമി റേറ്റ് (മിനിമം 10 ഓവര്‍)

ആവേശ് ഖാന്‍ – 12.71

ഇഷാന്ത് ശര്‍മ – 11.20

ഹര്‍ഷല്‍ പട്ടേല്‍ – 10.88

ഖലീല്‍ അഹമ്മദ് – 10.77

ഇര്‍ഫാന്‍ പത്താന്‍ – 10.50

അഞ്ച് ടി-20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആഗസ്റ്റ് മൂന്നിനാണ് പരമ്പരയിലെ ആദ്യ മത്സരം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയാണ് വേദി.

ടി-20ക്ക് പുറമെ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലുള്ളത്. ഇതില്‍ ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്.

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 സക്വാഡ്

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

Content highlight: Fans against the inclusion of Avesh Khan in the team

We use cookies to give you the best possible experience. Learn more