ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകരെല്ലാം തന്നെ ആവേശത്തിലായിരുന്നു. യശസ്വി ജെയ്‌സ്വാളിന്റെയും തിലക് വര്‍മയുടെയും നാഷണല്‍ ജേഴ്‌സിയിലെ ആദ്യ മത്സരത്തിന് ഈ പര്യടനം വഴിയൊരുക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.
വിരാട് കോഹ്‌ലിയടക്കമുള്ള പല സീനിയര്‍ താരങ്ങളെയും പുറത്തിരുത്തി, യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബി.സി.സി.ഐ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിനെ കൂടിയാണ് ഈ സ്‌ക്വാഡില്‍ ആരാധകര്‍ കാണുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും ബാലന്‍സ് നിലനിര്‍ത്തിയ സ്‌ക്വാഡില്‍ ആവേശ് ഖാന്‍ ഇടം നേടിയതാണ് ആരാധകര്‍ക്ക് കല്ലുകടിയാകുന്നത്. കഴിഞ്ഞ ഐ.പി.എല്ലില്‍ അത്രകണ്ട് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത ആവേശ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ആരാധകര്‍ അല്‍പം കലിപ്പിലാണ്.
ഐ.പി.എല്‍ 2023ലെ ഒമ്പത് മത്സരത്തില്‍ നിന്നും എട്ട് വിക്കറ്റ് വീഴ്ത്തിയ താരത്തിന്റെ എക്കോണമി പത്തിനോടടുപ്പിച്ചാണ്. 35.38 എന്ന ശരാശരിയിലും 9.76 എന്ന എക്കോണമിയിലുമാണ് താരം സീസണില്‍ പന്തെറിഞ്ഞത്.
ഇതിന് പുറമെ ടി-20 ഫോര്‍മാറ്റിലെ ഡെത്ത് ഓവറില്‍ ആവേശിന്റെ മോശം പ്രകടനമാണ് ആരാധകരെ നിരാശയിലേക്ക് തള്ളിയിടുന്നത്. ഇന്ത്യന്‍ നിരയില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവും മോശം എക്കോണമി റേറ്റുള്ള താരമാണ് ആവേശ് ഖാന്‍. 13നോട് അടുപ്പിച്ചാണ് ഡെത്ത് ഓവറില്‍ താരത്തിന്റെ ബൗളിങ് പ്രകടനം.