| Wednesday, 18th May 2022, 4:52 pm

അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ വിളിക്കൂ, മുംബൈ ഇന്ത്യന്‍സിനെ രക്ഷിക്കൂ; മുംബൈ ക്യാപ്റ്റനെതിരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസത്തെ മത്സരത്തിലും തോല്‍ക്കാനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിധി. ജയിക്കുമെന്ന് അവസാന ഓവര്‍ വരെ തോന്നിപ്പിച്ചെങ്കിലും അത് തോന്നല്‍ മാത്രമായി അവശേഷിപ്പിച്ച് മുംബൈ വീണ്ടും പരാജയമേറ്റുവാങ്ങുകയായിരുന്നു. മൂന്ന് റണ്ണിനായിരുന്നു മുംബൈയുടെ തോല്‍വി.

19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാറായിരുന്നു മുംബൈയില്‍ നിന്നും വിജയം തട്ടിയകറ്റിയത്. ഒരു റണ്‍ പോലും വഴങ്ങാതെ വിക്കറ്റും നേടിയായിരുന്നു ഭുവനേശ്വര്‍ കരുത്ത് കാട്ടിയത്.

സീസണിലെ പത്താം തോല്‍വിയും ഏറ്റുവാങ്ങിയതോടെ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയിരിക്കുകയാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിട്ടും അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന് ഒരിക്കല്‍ പോലും അവസരം നല്‍കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അര്‍ജുനെ കളിപ്പിക്കാതിരിക്കുന്നതിലുള്ള അമര്‍ഷം ആരാധകര്‍ പരസ്യമായി തന്നെ പ്രകടനമാക്കുന്നുമുണ്ട്. എന്തുകൊണ്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിനെ കളിപ്പിക്കുന്നില്ല, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ എവിടെ, ഒടുവില്‍ മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിക്കാന്‍ അവന്‍ തന്നെ വേണ്ടി വരും തുടങ്ങിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.

അതേസമയം, സീസണിലെ മറ്റ് മത്സരങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനമായിരുന്നു മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ സീസണിലെ ആദ്യ അര്‍ധസെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും 48 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓപ്പണര്‍ ഇഷാന്‍ കിഷനും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. 43 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

എന്നാല്‍, കളിയുടെ ഗതി തന്നെ മാറ്റി മറിച്ച്, മുംബൈ ഇന്ത്യന്‍സിന് വിജയ പ്രതീക്ഷ നല്‍കിയ ടിം ഡേവിഡായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ഷോ സ്റ്റീലര്‍. 18 പന്തില്‍ നിന്നും 255.55 സ്‌ട്രൈക്ക് റേറ്റില്‍ 46 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

18ാം ഓവറില്‍ നടരാജനെ ഒന്നിന് പുറകെ ഒന്നായി സിക്‌സറിന് പറത്തിയായിരുന്നു താരം തന്റെ വിശ്വരൂപം പുറത്തെടുത്തത്. എന്നാല്‍ അതേ ഓവറില്‍ തന്നെ ടിമ്മിനെ റണ്ണൗട്ടാക്കി നടരാജന്‍ മുംബൈയെ വിജയത്തില്‍ നിന്നും അകറ്റുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ രാഹുല്‍ ത്രിപാഠിയുടെയും പ്രിയം ഗാര്‍ഗിന്റെയും നിക്കോളാസ് പൂരന്റെയും ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലെത്തിച്ചത്. ത്രിപാഠി 76ഉം ഗാര്‍ഗ് 42ഉം പൂരന്‍ 38ഉം റണ്‍സാണെടുത്തത്.

സീസണില്‍ ഒരു മത്സരം കൂടി മുംബൈ ഇന്ത്യന്‍സിന് അവശേഷിക്കുന്നുണ്ട്. പ്ലേ ഓഫ് മോഹവുമായിറങ്ങുന്ന ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. സീസണിലെ അവസാന മത്സരത്തിലെങ്കിലും അര്‍ജുനെ കളിപ്പിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Fans against Rohit Sharma and Mumbai Indians for not letting Arjun Tendulkar to play

We use cookies to give you the best possible experience. Learn more