|

ഇത്രയുമൊക്കെ ആയിട്ടും അവനെ പുറത്താക്കാത്തതെന്ത്? സഞ്ജുവിനെതിരെ ആരാധക രോഷം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി നടന്ന മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സും ടീമിലെ പല താരങ്ങളും ക്രിക്കറ്റ് ലോകത്തെ സജീവ ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്.

രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിംഗ് ഇലവനില്‍ വരുത്തേണ്ട സുപ്രധാനമായ മാറ്റത്തെ കുറിച്ചാണ് ക്രിക്കറ്റ് ഗ്രൂപ്പുകളിലടക്കം സജീവ ചര്‍ച്ചകള്‍ ഉയരുന്നത്.

അതിലൊന്നാണ് ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗിന്റെ പേര്. കഴിഞ്ഞ മത്സരത്തിലടക്കം രാജസ്ഥാന്റ പ്ലെയിംഗ് ഇലവന്റെ ഭാഗമായിരുന്ന പരാഗിന് കാര്യമായി ഒന്നും തന്നെ ചയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ആരാധകര്‍ രാജസ്ഥാനെതിരെയും ക്യാപ്റ്റന്‍ സഞ്ജുവിനെതിരെയും രംഗത്തുവന്നിരിക്കുന്നത്.

റിയാന്‍ പരാഗിനെ ടീമിലെടുത്തതല്ല, മറിച്ച് കഴിവുറ്റ താരങ്ങളെ പുറത്തിരുത്തി പരാഗിനെ ടീമിലെടുക്കുന്നതിലാണ് എല്ലാവര്‍ക്കും ഒരുപോലെ വിയോജിപ്പ്.

കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ബൗളിംഗ് നിര പാളിയതോടെയാണ് രാജസ്ഥാന്‍ വീണത്. ഡെത്ത് ഓവറില്‍ പന്തെറിയാനൊരു പേസര്‍ ഇല്ലാത്തതും ടീമിനെ സംബന്ധിച്ച തിരിച്ചടിയാണ്.

അസാധ്യമായി പന്തെറിയാനും ഡെത്ത് ഓവറില്‍ റണ്‍റേറ്റ് പിടിച്ചുനിര്‍ത്താനും സാധിക്കുന്ന ജിമ്മി നീഷം പോലുള്ള താരങ്ങളെ അടക്കം പുറത്തിരുത്തിയാണ് റിയാന്‍ പരാഗിനെ ടീം നിലനിര്‍ത്തുന്നത് എന്നതാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.

നീഷം മാത്രമല്ല വാന്‍ ഡെര്‍ ഡുസന്‍, മിച്ചല്‍, കൂള്‍ട്ടര്‍നൈല്‍ തുടങ്ങിയ താരങ്ങളടക്കം പുറത്തിരിക്കുമ്പോഴാണ് റിയാന്‍ ഇപ്പോഴും ഇലവനില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് രാജസ്ഥാന്‍ വീണ്ടും ബാറ്റിംഗിനിറങ്ങുകയായിരുന്നു. ബട്‌ലറിന്റെയും ഹെറ്റ്‌മെയറിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും മികവില്‍ രാജസ്ഥാന്‍ 169 റണ്‍സ് നേടിയിരുന്നു.

ബാറ്റിംഗിന് അനുകൂലമായ വാംഖഡെ പോലെ ഒരു പിച്ചില്‍ 169 എന്നത് താരതമ്യേന ചെറിയ സ്‌കോറാണ്. എന്നാല്‍ ബൗളര്‍മാരുടെ മികവില്‍ ആര്‍.സി.ബിയെ പിടിച്ചുകെട്ടാം എന്നായിരുന്നു രാജസ്ഥാന്റെ തന്ത്രം.

എന്നാല്‍ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിക്കുന്ന പ്രകടനമായിരുന്നു ആര്‍.സി.ബി പുറത്തെടുത്തത്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ദിനേഷ് കാര്‍ത്തിക് തന്റെ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ നിഷ്പ്രഭമാവുകയായിരുന്നു.

23 പന്തില്‍ നിന്നും കാര്‍ത്തിക് 44 റണ്‍സടിച്ചപ്പോള്‍ 45 റണ്‍സ് നേടി ഷഹബാസ് അഹ്‌മ്മദും കരുത്ത് കാട്ടിയതോടെ ആര്‍.സി.ബി കത്തിക്കയറുകയായിരുന്നു.

Content highlight: Fans against Riyan Parag after Rajasthan Royals’s lost against RCB