കഴിഞ്ഞ ദിവസമായിരുന്നു ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയത്. ഇതോടെ എട്ട് കളികളില്‍ നിന്നും നാല് ജയവും നാല് തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ക്യാപ്പിറ്റല്‍സ്.
മുസ്തഫിസുര്‍ റഹ്മാനും കുല്‍ദിപും അക്‌സര്‍ പട്ടേലും ചേതന്‍ സക്കറിയയും ചേര്‍ന്ന് കൊല്‍ക്കത്തയെ എറിഞ്ഞിട്ടപ്പോള്‍ ഡേവിഡ് വാര്‍ണറും വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് വീരന്‍ റോവ്മന്‍ പവലും ബാറ്റിംഗില്‍ തങ്ങളുടെ റോള്‍ ഗംഭീരമാക്കി ദല്‍ഹിയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
ക്യാപ്റ്റന്‍ റിഷബ് പന്ത് കഴിഞ്ഞ മത്സരത്തിലും പരാജയമായിരുന്നു. 5 പന്തില്‍ നിന്നും 2 റണ്‍സ് നേടിയാണ് റിഷബ് പുറത്തായത്.
മത്സരശേഷം താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. തങ്ങള്‍ പോയിന്റ് ടേബിളിനെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ലെന്നും ഒരു മത്സരത്തില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നുമായിരുന്നു പന്ത് പറഞ്ഞത്.
‘പോയിന്റ് ടേബിളിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നുപോലുമില്ല, ഒരു സമയം ഒരു മത്സരം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്,’ പന്ത് പറഞ്ഞു.
ഇതിന് ശേഷം റോവ്മാന്‍ പവലിന്റെ പ്രസ് മീറ്റ് കൂടിയായതോടെയാണ് ആരാധകര്‍ പന്തിന് നേരെ തിരിഞ്ഞത്. തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിക്കണമെന്നും എന്നാല്‍ മാത്രമേ പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ സാധിക്കൂ എന്നുമായിരുന്നു പവല്‍ പറഞ്ഞത്.
നിലവില്‍ നാല് ജയവും നാല് തോല്‍വിയുമാണ് ടീമിനുള്ളതെന്നും തുടര്‍ന്നുള്ള എല്ലാ മത്സരങ്ങള്‍ക്കും കൃത്യമായ പ്ലാനിംഗ് വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ആരാധകര്‍ പന്തിന് നേരെ തിരിഞ്ഞത്.
പന്തിന്റെ മോശം ബാറ്റിംഗും ക്യാപ്റ്റന്‍സിയിലെ പേരായ്മയും എല്ലാം തന്നെ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയരാനും ദല്‍ഹി ക്യാപ്പിറ്റല്‍സിനായി.
ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിംഗിനിയച്ച ക്യാപ്പിറ്റല്‍സ് 146 റണ്‍സിന് എതിരാളികളെ ഒതുക്കിയിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടേയും നിതീഷ് റാണയുടെയും ഇന്നിംഗ്‌സാണ് കൊല്‍ക്കത്തയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.
എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ദല്‍ഹി വാര്‍ണറിന്റേയും പവലിന്റേയും വെടിക്കെട്ടില്‍ നാല് വിക്കറ്റും ആറ് പന്തും ബാക്കിനില്‍ക്കെ വിജയം നേടുകയായിരുന്നു.