ലാ ലീഗയില്‍ മല്ലോര്‍ക്കക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയതിന് പിന്നാലെ ക്ലബ്ബിനോടും കോച്ചിനോടും കലിപ്പായി റയല്‍ മാഡ്രിഡ് ആരാധകര്‍. ലാ ലീഗയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലോസ് ബ്ലാങ്കോസിന്റെ പരാജയം. മത്സരത്തിന്റെ 13ാം മിനിട്ടില്‍ സെല്‍ഫ് ഗോളടിച്ചാണ് റയല്‍ മത്സരം പരാജയപ്പെട്ടത്.
ഈ തോല്‍വിക്ക് പിന്നാലെ കിരീടം നേടാനുള്ള ഒട്ടത്തില്‍ റയലിന് കാലിടറുകയും ചെയ്തിരിക്കുകയാണ്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയേക്കാള്‍ അഞ്ച് പോയിന്റ് കുറവാണ് റയലിന് നിലവിലുള്ളത്.
കോച്ച് അന്‍സലോട്ടിക്കെതിരെയും ആരാധകര്‍ തങ്ങളുടെ രോഷമുയര്‍ത്തുന്നുണ്ട്. കഴിഞ്ഞ സീസണിലെ പ്രകടനം ഈ സീസണില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല എന്ന് കാണിച്ചുകൊണ്ടാണ് ആരാധകര്‍ കോച്ചിനോട് കലിപ്പായിരിക്കുന്നത്.
ഇതിന് പിന്നാലെ ഈ ദേഷ്യം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കുന്നുണ്ട്. ഈ സീസണില്‍ പരാജയം സമ്മതിച്ച ചില ആരാധകര്‍ ചിരവൈരികളായ ബാഴ്‌സലോണ കിരീടം നേടുമെന്നും അവര്‍ക്ക് ആശംസകള്‍ നേരുന്നു എന്നുമായിരുന്നു ട്വിറ്ററില്‍ കുറിച്ചത്.
12 കോര്‍ണറുകള്‍ റയല്‍ നേടിയെടുത്തെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാനോ ഗോള്‍ അവസരം സൃഷ്ടിക്കാനോ സാധിച്ചില്ല. മത്സരത്തില്‍ ലഭിച്ച പെനാല്‍ട്ടി പോലും ഗോളാക്കി മാറ്റാന്‍ റയലിന് സാധിച്ചിരുന്നില്ല.
അല്‍പം അഗ്രസ്സീവായ കളി തന്നെയായിരുന്നു ഇരുവരും പുറത്തെടുത്തത്. 43 ഫൗളാണ് മത്സരത്തില്‍ പിറന്നത്. 29 ഫൗള്‍ മല്ലോര്‍ക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായപ്പോള്‍ 14 എണ്ണം റയലും വഴങ്ങി. ഇരു ടീമും അഞ്ച് വീതം യെല്ലോ കാര്‍ഡും കണ്ടു.
സീസണില്‍ ടീമിന്റെ മൂന്നാമത് തോല്‍വിയാണിത്. 20 മത്സരത്തില്‍ നിന്നും 14 ജയവും മൂന്ന് സമനിലയുമായി 45 പോയിന്റാണ് റയലിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സക്കാകട്ടെ 50 പോയിന്റുണ്ട്. ഗോള്‍ വ്യത്യാസത്തിലും റയല്‍ ബാഴ്‌സയേക്കാള്‍ ഏറെ പിന്നിലാണ്.
പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ എല്‍ക്കെ (Elche)ക്കെതിരെയാണ് റയലിന്റെ അടുത്ത മത്സരം. ഫെബ്രുവരി 16ന് റയലിന്റെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.