കഴിഞ്ഞ ദിവസം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റുകള്‍ക്ക് പിന്നാലെ നടന്ന സംഭവവികാസങ്ങള്‍ ക്രിക്കറ്റ് ലോകത്ത് ഒന്നാകെ ചര്‍ച്ചയായിരുന്നു.
സഞ്ജുവിന്റെ തലയില്‍ നീല തലപ്പാവും കണ്ണടയും വെച്ച് കളിയാക്കുന്ന തരത്തില്‍ ടീം പോസ്റ്റ് പങ്കുവെച്ചതും ഇതിന് പിന്നാലെ താരം ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തതും ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായിരുന്നു.
എന്നാല്‍ ഇതെല്ലാം തന്നെ പ്ലാനിംഗ് ആയിരുന്നുവെന്നും, ടീം തയ്യാറാക്കിയ പ്രാങ്കിന്റെ ഭാഗമായിരുന്നുവെന്നും രാജസ്ഥാന്‍ റോയല്‍സ് പിന്നീട് വ്യക്തമാക്കിയിരുന്നു.
സഞ്ജുവിനെ ട്രോളിയെ അഡ്മിനെ പുറത്താക്കിയെന്ന തരത്തില്‍ രാജസ്ഥാന്‍ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചായിരുന്നു തുടക്കം.
പുറത്താക്കപ്പെട്ട അഡ്മിന്‍ രാജസ്ഥാന്‍ താരങ്ങളുടെയും പരിശീലകരായ കുമാര്‍ സംഗക്കാര, ലസിത് മലിംഗ എന്നിവരുടെയും ടീം ഉടമകളുടെയും അടുത്ത് ചെല്ലുന്നതും അവര്‍ അവരെ അവഗണിക്കുന്നതും, അവസാനം ടീം മാനേജ്‌മെന്റ് അവരെ പുറത്താക്കുന്നതുമാണ് വിഡിയോയിലുള്ളത്.
ഇതോടെ രാജസ്ഥാന്‍ സഞ്ജുവിന്റെ കാര്യത്തില്‍ സീരിയസായ നിലപാടെടുത്തു എന്നാണ് ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ ഇതിന് പിന്നാലെ ശനിയാഴ്ച രാവിലെ പുതിയൊരു വീഡിയോയും ടീം പങ്കുവെച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സ് ഉടമകള്‍ പുതിയ സോഷ്യല്‍ മിഡിയ ടീമിനെ കണ്ടെത്താന്‍ ഓഡിഷന്‍ നടത്തുന്നതായിട്ടാണ് രണ്ടു മിനിറ്റുള്ള ഈ വിഡിയോ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ അഡ്മിനെ കണ്ടെത്തുന്നതിന്റെ ഭാഗമായി യുസ്വേന്ദ്ര ചഹലും ഹെറ്റ്‌മെയറുമടക്കം ഓഡീഷനില്‍ പങ്കെടുക്കുന്നതും എന്നാല്‍ ഇവരിലൊന്നും തൃപ്തി വരാതെ ടീം പഴയ അഡ്മിനെ തിരികെ വിളിക്കുന്നതുമാണ് വീഡിയോയിലുള്ളത്. അവസാനം ‘സംവിധാനം ആര്‍.ആര്‍. അഡ്മിന്‍’ എന്ന് കാണിച്ചാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ കാര്യങ്ങള്‍ രാജസ്ഥാന്‍ കരുതിയ പോലെ ശുഭപര്യവസായി അല്ലായിരുന്നു. ആരാധകരെ എന്‍ഗേജ് ചെയ്യിക്കാന്‍ വേണ്ടിയുള്ള ശ്രമം ടീമിനെ തിരിഞ്ഞുകൊത്തിയ അവസ്ഥയിലാണ്.
തങ്ങളുടെ വികാരം വെച്ചിട്ട് തന്നെ വേണോ നിങ്ങളുടെ പി.ആര്‍ സ്റ്റണ്ട് എന്നാണ് ആരാധകര്‍ ഒരുപോലെ ചോദിക്കുന്നത്. രണ്ടാമത് പോസ്റ്റ് ചെയ്ത് വീഡിയോയുടെ കമന്റ് സെക്ഷനിലും മറ്റ് പോസ്റ്റുകളുടെ കമന്റിലും ആരാധകര്‍ തങ്ങളുടെ നീരസം വ്യക്തമാക്കുന്നുണ്ട്.
ടീമിനെ സംബന്ധിക്കുന്ന പുതിയ വാര്‍ത്തകള്‍ എത്രയും പെട്ടന്ന് തന്നെ ആരാധകര്‍ക്കിടയിലേക്കെത്തിക്കുന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇതുപോലൊരു നാടകത്തിന് ഉപയോഗിച്ചത് ശരിയായില്ലെന്നും, പി.ആര്‍ സ്റ്റണ്ടുകള്‍ക്ക് ഇതിലും നല്ല വഴികള്‍ വേറെ കിട്ടില്ലേ എന്നും ആരാധകര്‍ ചോദിക്കുന്നു.
ഏതായാലും മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരു വിഭാഗം ആരാധകരെ പിണക്കിയ നടപടി ടീം എങ്ങനെ മറികടക്കുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാവുന്നത്.
Content Highlight: Fans against Rajasthan Royals’s Prank Video