ചാമ്പ്യന്‍സ് ലീഗിയില്‍ വിജയത്തോടെയായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി തുടങ്ങിയത്. സെപ്റ്റംബര്‍ ആറിന് സെവിയക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു സിറ്റിസണ്‍സ് വിജയം പിടിച്ചടക്കിയത്.
ചാമ്പ്യന്‍സ് ലീഗ് നേടണമെന്ന വാശിയില്‍ കളത്തിലിറങ്ങകുന്ന ഗ്വാര്‍ഡിയോളക്കും ടീമിനും ആത്മവിശ്വാസം നല്‍കുന്ന പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തിലേത്. ടീമിന്റെ മികച്ച പ്രകടനത്തില്‍ ആരാധകരും ഏറെ തൃപ്തരായിരുന്നു.
എന്നാല്‍ ടീമിലെ ഒരാളുടെ പ്രകടനത്തില്‍ ആരാധകര്‍ അത്രകണ്ട് തൃപ്തരായിരുന്നില്ല. 26കാരനായ അറ്റാക്കര്‍ ജാക് ഗ്രെലിഷിന്റെ പ്രകടനമായിരുന്നു ആരാധകര്‍ക്ക് ബോധിക്കാതിരുന്നത്. ഗ്രെലിഷിനെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തി എന്ന ഒറ്റ കാരണം കൊണ്ടുമാത്രം പെപ് ഗ്വാര്‍ഡിയോളയോട് ആരാധകര്‍ കലിപ്പായിരിക്കുകയാണ്.
54 മില്യണ്‍ പൗണ്ടിനാണ് ഡോര്‍ട്മുണ്ടിന്റെ ഗോളടിവീരന്‍ എര്‍ലിങ് ഹാലണ്ടിനെ സിറ്റി ടീമിലെത്തിച്ചത്. മികച്ച പ്രകടനമാണ് താരം സിറ്റിക്കായി കാഴ്ച വെക്കുന്നത്.
എന്നാല്‍, ഹാലണ്ടിനെക്കാളും അധികം തുക മുടക്കിയാണ് സിറ്റി ഗ്രെലിഷിനെ ടീമിലെത്തിച്ചത്. 100 മില്യണ്‍ പൗണ്ടായിരുന്നു ആസ്റ്റണ്‍ വില്ലയുടെ താരമായിരുന്നു ഈ ഇംഗ്ലീഷുകാരനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സിറ്റി മുടക്കിയത്.
എന്നാല്‍ ആ മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ മുന്‍ വില്ല ക്യാപ്റ്റനായിട്ടില്ല. സിറ്റിക്കായി 39 മത്സരത്തില്‍ ബൂട്ടുകെട്ടിയ ഈ അറ്റാക്കര്‍ ആറ് ഗോളും നാല് അസിസ്റ്റും മാത്രമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണിലേതിന് സമാനമായി ഈ സീസണിലും ഗ്രെലിഷിന് മോശം തുടക്കമാണ് ലഭിച്ചത്. സീസണില്‍ മൂന്ന് മത്സരത്തില്‍ സിറ്റിസണ്‍സിനായി പടക്കിറങ്ങിയ ഗ്രെലിഷിന് ഒരു ഗോളോ അസിസ്‌റ്റോ തന്റെ പേരില്‍ കുറിക്കാനായിട്ടില്ല.
എന്നാല്‍ ഇത്രയും മോശം പ്രകടനം നടത്തുന്ന താരത്തിന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ വീണ്ടും അവസരം നല്‍കിയതിനാണ് ആരാധകര്‍ കലിപ്പായിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ കട്ട ആരാധകനാണെന്നും എന്നാല്‍ ഗ്രെലിഷ് ടീമിലുള്ളത് സഹിക്കാനാവുന്നില്ല, ഗ്രെലിഷ് ഒരിക്കലും ഫുട്‌ബോളര്‍ അല്ല, വെറും മോഡല്‍ മാത്രമാണ് തുടങ്ങിയ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
മികച്ച വിജയം നേടിയാലും മോശം താരങ്ങളെ ഇലവനില്‍ ഉള്‍ക്കൊള്ളിച്ചാല്‍ ആരാധകര്‍ വിമര്‍ശിക്കും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്.
എന്നാല്‍, പ്രീമിയര്‍ ലീഗിലെ ആറ് മതസരത്തില്‍ നിന്നും നാല് ജയവും രണ്ട് സമനിലയുമായി തോല്‍വി അറിയാതെയാണ് സിറ്റി കുതിക്കുന്നത്. 14 പോയിന്റോടെയ രണ്ടാം സ്ഥാനത്ത് തുടരുന്ന സിറ്റിയുടെ മുമ്പിലുള്ളത് ആഴ്‌സണല്‍ മാത്രമാണ്.
അതേസമയം, ചാമ്പ്യന്‍സ് ലീഗിലാവട്ടെ ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥനക്കാരായിട്ടാണ് സിറ്റി തുടരുന്നത്. മൂന്ന് പോയിന്റോടെയാണ് സിറ്റി ഗ്രൂപ്പ് ലീഡര്‍മാരായി തുടരുന്നത്. രണ്ടാം സ്ഥാനക്കാരായ ബോറൂസിയ ഡോര്‍ട്മുണ്ടിനും മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസം കാരണമാണ് സിറ്റി ഒന്നാമത് തുടരുന്നത്.
ബൊറൂസിയയോടാണ് സിറ്റിയുടെ അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരം. സെപ്റ്റംബര്‍ 15ന് സിറ്റിസണ്‍സിന്റെ ഹോം ഗ്രൗണ്ടായ എതിഹാഡ് സ്‌റ്റേഡിയത്തിലാണ് മത്സരം.
Content Highlight: Fans against Pep Guardiola for keeping Jake Grealish in starting eleven