| Saturday, 30th July 2022, 12:39 pm

നീയൊക്കെ സ്‌നഗ്ഗിയുടുത്ത് നടന്ന കാലത്ത് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ ആളാണ്, ആ മനുഷ്യനെ പേരെടുത്ത് വിളിക്കുന്നോ; സച്ചിനെ സാറെന്ന് വിളിക്കാത്തതിന് എയറിലായി ലബുഷാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലെജന്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ ബഹുമാനിച്ചില്ലെന്ന ആരോപണവുമായി ഓസ്‌ട്രേലിയന്‍ താരം മാര്‍നസ് ലബുഷാനെതിരെ ആരാധക രോഷം. സച്ചിനെ സാര്‍ എന്നുവിളിക്കാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വനിതാ ടീമിന് സച്ചിന്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് ലബുഷാന്‍ മറുപടി നല്‍കിയതായിരുന്നു ‘പ്രശ്‌നങ്ങളുടെ’ തുടക്കം.

‘കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തിയത് ഏറെ സന്തോഷം നല്‍കുന്നു. പുതിയ കാഴ്ചക്കാരിലേക്ക് ക്രിക്കറ്റ് എത്താന്‍ ഇത് കൂടുതല്‍ സഹായകമാകും എന്ന് കരുതുന്നു. ഇന്ത്യന്‍ വനിതാ ടീമിന് ആശംസകള്‍’ എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്.

ഇതിന് പിന്നാലെ ‘സച്ചിന്റെ പ്രസ്താവനയോട് അനുകൂലിക്കുകയാണ്. ഓസീസ്-ഇന്ത്യ ഓപ്പണിങ് മത്സരം ഗംഭീര പോരാട്ടമായിരിക്കും’ എന്ന് ലബുഷാന്‍ പ്രതികരിക്കുകയും ചെയ്തു. ഇതോടെയാണ് ആരാധകര്‍ കലിപ്പായിരിക്കുന്നത്.

സച്ചിന്‍ ആരാണെന്നറിയില്ല എന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയെക്കാള്‍ പരിതാപകരമായിരുന്നു ലബുഷാന്റെ അവസ്ഥ. സച്ചിന്‍ ആരാണെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, ഇന്ത്യ – ഓസ്‌ട്രേലിയ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ജയത്തോടെ കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കം കുറിക്കാം എന്ന ഇന്ത്യയുടെ മോഹത്തിന് മേലാണ് ഓസ്‌ട്രേലിയ കരിനിഴല്‍ വീഴ്ത്തിയത്.

മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹര്‍മന്‍ പ്രീത് കൗറിന്റെ അര്‍ധസെഞ്ച്വറിയുടെയും ഷഫാലി വര്‍മയുടെ 48 എന്ന സ്‌കോറിന്റെയും ബലത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഞ്ഞപ്പട ഒരു ഘട്ടത്തില്‍ 49/5 എന്ന നിലയിലായിരുന്നു. എന്നാല്‍ ആഷ്‌ലീഗ് ഗാര്‍ഡ്‌നറുടെ തകര്‍പ്പന്‍ പ്രകടനം ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Content Highlight: Fans against Marnus Labuschagne for not calling Sachin Tendulkar as sir

We use cookies to give you the best possible experience. Learn more