| Saturday, 17th September 2022, 7:18 pm

WTF പെപ്!! നിങ്ങള്‍ക്കെന്താ സ്വബോധം നഷ്ടപ്പെട്ടോ? പെപ് ഗ്വാര്‍ഡിയോളക്കെതിരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബര്‍ 17ന് വോള്‍വെര്‍ഹാംപ്ടണെതിരായ മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി മാനേജര്‍ ലെജന്‍ഡറി പെപ് ഗ്വാര്‍ഡിയോളക്കെതിരെ ആരാധക രോഷം. മത്സരത്തില്‍ ജൂലിയന്‍ അല്‍വാരസിനെ പുറത്തിരുത്തിയ പെപ്പിന്റെ നടപടിക്കെതിരെയാണ് ആരാധകര്‍ പരസ്യമായി രംഗത്തുവന്നത്.

ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന മുന്നേറ്റതാരത്തെ ബെഞ്ചിലിരുത്തുന്ന പെപ്പിന്റെ തീരുമാനമാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

ആരാധകര്‍ ഒരു വശത്ത് നിന്നും പ്രതിഷേധിക്കുന്നുണ്ടെങ്കിലും അതൊന്നും ചെവികൊടുക്കാതെ തന്റെ തന്ത്രങ്ങളില്‍ തന്നെ മുഴുകുകയാണ് ഗ്വാര്‍ഡിയോള. താരത്തെ ബെഞ്ചില്‍ ഇരുത്താന്‍ തന്നെയാണ് പെപ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ ആരാധകര്‍ വീണ്ടും കലിപ്പായിരിക്കുകയാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

അല്‍വാരെസ് ഇല്ലെങ്കില്‍ കളി കാണുന്നില്ലെന്നും ഇനിയെന്താണ് അല്‍വാരസ് തെളിയിക്കാനുള്ളതെന്നും ആരാധകര്‍ ചോദിക്കുന്നു. അല്‍വാരസിനെ ഇല്ലാതെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ് സജ്ജീകരിച്ച ഗ്വാര്‍ഡിയോളുടെ സ്വബോധം നഷ്ടപ്പെട്ടോ എന്നും സിറ്റിസണ്‍സ് ചോദിക്കുന്നു.

വോള്‍വെര്‍ഹാംപടണെതിരെയുള്ള സിറ്റിയുടെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്

എഡേഴ്‌സണ്‍, സ്റ്റോണ്‍സ്, ഡയസ്, ആക്കാന്‍ജി, കാന്‍സെലോ, ഡി ബ്രൂയ്ന്‍ (ക്യാപ്റ്റന്‍), ബെര്‍ണാഡോ, ഫോഡെന്‍, ഹാലണ്ട്, ഗ്രെലിഷ്

സബ്‌സ്റ്റ്യൂട്സ്

ഓര്‍ടെഗ മൊനേറോ, കാര്‍സണ്‍, വാല്‍ക്കര്‍, അകേ, ഗുണ്ടോഗന്‍, അല്‍വാരസ്, ഗോമസ്, മഹ്രെസ്, പാല്‍മര്‍

എന്നാല്‍, പെപ്പിന്റെ രാജതന്ത്രം ഒരിക്കല്‍ക്കൂടി വിജയിക്കുന്ന കാഴ്ചയായിരുന്നു പ്രീമിയര്‍ ലീഗില്‍ കണ്ടത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു സിറ്റിസണ്‍സ് വൂള്‍ഫ്‌സിനെ തകര്‍ത്തെറിഞ്ഞത്.

കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തിയിരുന്നു. ജാക്ക് ഗ്രെലിഷായിരുന്നു ഗോള്‍ സ്‌കോറര്‍. 16ാം മിനിറ്റില്‍ എര്‍ലിങ് ഹാലണ്ടും 69ാം മിനിറ്റില്‍ ഫില്‍ ഫോഡനും സിറ്റിയുടെ ലീഡ് നിലനിര്‍ത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സിറ്റി വിജയം പിടിച്ചടക്കുകയായിരുന്നു.

ഈ മത്സരത്തിലെ വിജയത്തോടെ തങ്ങളുടെ വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താനും സിറ്റിക്കായി. ഇതുവരെ ഏഴ് മത്സരം കളിച്ച സിറ്റി അഞ്ച് വിജയവും രണ്ട് സമനിലയുമായി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

ഒക്ടോബര്‍ രണ്ടിനാണ് സിറ്റിയുടെ അടുത്ത മത്സരം. ദി ഗ്രേറ്റ് മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് സിറ്റിസണ്‍സിന്റെ എതിരാളികള്‍.

Content Highlight: Fans against Manchester City Manager Pep Guardiola

We use cookies to give you the best possible experience. Learn more