| Thursday, 26th May 2022, 11:10 pm

സഞ്ജുവിന്റെ ഇംപാക്ട് ആണ് ഇന്ത്യന്‍ ടീമിന് വേണ്ടത്; റെയ്‌നയുടെ ഷൂലേസ് കെട്ടിക്കൊടുക്കാനുള്ള യോഗ്യത പോലും നിനക്കില്ല; കെ.എല്‍. രാഹുലിനെതിരെ ആഞ്ഞടിച്ച് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരത്തിലെ ആദ്യ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് തോറ്റ് പുറത്തായിരുന്നു. നായകന്‍ കെ.എല്‍. രാഹുലിന്റെ ചെറുത്ത് നില്‍പോ ദീപക് ഹൂഡയുടെ വമ്പനടികളോ ടീമിനെ രക്ഷിക്കാന്‍ പോന്നതായിരുന്നില്ല.

രാഹുല്‍ 58 പന്തില്‍ നിന്നും 79 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹൂഡ 26 പന്തില്‍ നിന്നും 45 റണ്‍സായിരുന്നു സ്വന്തമാക്കിയത്. ആര്‍.സി.ബി ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ എല്‍.എസ്.ജി 193 റണ്‍സിന് ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു.

ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണം കെ.എല്‍. രാഹുലിന്റെ മെല്ലെപ്പോക്കാണെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ടീമിന് 200ലധികം റണ്‍സ് വേണ്ടപ്പോഴും താരം തന്റെ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് കളിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.

താരം സെല്‍ഫിഷാണെന്നും ടീമിന് വേണ്ടി ഒന്നും ചെയ്യാന്‍ ശ്രമിക്കാറില്ലെന്നും പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

എന്നാല്‍, താരത്തിന്റെ ഇന്നിംഗ്‌സില്‍ ആരാധകര്‍ക്കിടിയില്‍ തന്നെ വിമര്‍ശനങ്ങള്‍ കനക്കുന്നുണ്ട്.

ഇത്തരം സെല്‍ഫിഷ് ആയ താരങ്ങളെ മുന്‍നിര്‍ത്തി ഒരിക്കലും വേള്‍ഡ് കപ്പ് സ്‌ക്വാഡ് ഒരുക്കരുതെന്നും, സഞ്ജു, സേവാഗ് റെയ്‌ന എന്നിവരെ പോലെ ഇംപാക്ട് ഉള്ള കളിക്കാരെ വേണം ടീമില്‍ ഉള്‍പ്പെടുത്താന്‍, ഐ.പി.എല്ലില്‍ സുരേഷ് റെയ്‌നയുടെ ഷൂലേസ് കെട്ടിക്കൊടുക്കാന്‍ പോലും രാഹുലിന് അര്‍ഹതയില്ലെന്നും തുടങ്ങി വിമര്‍ശനങ്ങളുടെ കൂരമ്പുകല്‍ തന്നെയാണ് ആരാധകര്‍ തൊടുത്തുവിടുന്നത്.

അതേസമയം, ലഖ്‌നൗവിനെ തോല്‍പിച്ച് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിട്ടുണ്ട്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.

ഫാന്‍ ഫേവറിറ്റായ താരങ്ങളും ഫാന്‍ ഫേവറിറ്റായ ടീമുകളും ഫൈനല്‍ ബര്‍ത്തിന് വേണ്ടി ഏറ്റുമുട്ടുന്നത് കാണാനുള്ള ആവേശത്തിലാണ് ആരാധകരിപ്പോള്‍.

വെള്ളിയാഴ്ച രാത്രി 7.30നാണ് രണ്ടാം ക്വാളിഫെയര്‍ മത്സരം.

Content Highlight: Fans against KL Rahul after his slow innings against RCB

We use cookies to give you the best possible experience. Learn more