പുതവര്‍ഷത്തലേന്ന് സ്വന്തം തട്ടകമായ കൊച്ചിയില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തില്‍ ബെംഗളൂരു
എഫ്.സിയോട് ദയനീയമായി പരാജയം നേരിട്ട ബ്ലാസ്റ്റേഴ്‌സ് ടീം, ആരാധകരില്‍ കുറച്ചൊന്നുമല്ല നീരസമുണ്ടാക്കിയിരിക്കുന്നത്. ഈ സീസണില്‍ ഗ്യാലറിയിലെത്തിയ റെക്കോര്‍ഡ് കാണികളുടെ മുന്നിലായിരുന്നു സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനം. ഇതോടെ ബ്ലാസ്റ്റേഴ്സിനെതിരേ സോഷ്യല്‍ മീഡിയയില്‍ വന്‍ രോഷമാണ് ആരാധകര്‍ പ്രകടിപ്പിച്ചിരിക്കുന്നത്.
ഈ സീസണില്‍ മികച്ച പരിശീലകനെയും താരങ്ങളെയും കിട്ടിയിട്ടും റിസള്‍ട്ടുണ്ടാക്കാന്‍ സാധിക്കാത്താതാണ് ആരാധകരെ നിരാശരാക്കുന്നത്. അതേസമയം, സീസണ്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബ്ലാസ്റ്റേഴ്സ് മുതുക്കന്മാരുടെ പടയാണെന്നും ആക്ഷേപമുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പേരെടുത്ത താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തില്‍ ആരാധകര്‍ക്ക് ഇതുവരെ ഒരു ആവേശം നല്‍കാനായിട്ടില്ല എന്നതു തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പരാജയമായി ചൂണ്ടിക്കാട്ടുന്നത്.
പ്രമുഖ താരങ്ങളുടെ പരിക്കാണ് ടീമിനെ വലച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ട് ഗോളുകള്‍ നേടി മികച്ച ഫോമില്‍ കളിക്കുന്ന സി.കെ. വിനീതും മത്സരദിവസം പരിക്കിന്റെ പിടിയിലായി എന്നാണ് കോച്ച് പറയുന്നത്. എന്നാല്‍ മത്സരത്തലേന്ന് വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ പോലും കോച്ച് റെനെ മ്യൂലെന്‍സ്റ്റീന്‍ വിനീത് പരിക്കിന്റെ പിടിയിലാണെന്നോ കളിക്കാനിറങ്ങില്ലെന്നോ ഉള്ള ഒരു സൂചനയും നല്‍കിയില്ല. മാത്രമല്ല ഫിറ്റാണെന്ന് പറയുകയും ചെയ്തു. പിന്നെ എപ്പോഴാണ് വിനീതിന് കളിക്കാന്‍ കഴിയാത്തവിധം പരിക്കേറ്റത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എതിരാളികള്‍ വിനീതിന്റെ മുന്‍ ക്ലബായ ബെംഗളൂരു ആയതുകൊണ്ട് താരത്തെ മാറ്റിനിര്‍ത്തുകയായിരുന്നുവെന്നും സംസാരമുണ്ട്.
വിനീതിന് പകരമെത്തിയ ഇയാന്‍ ഹ്യൂം അധ്വാനിച്ച് കളിച്ചെങ്കിലും കാര്യമുണ്ടായതുമില്ല. വിനീതിന്റെ അഭാവം കൂടിയായപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ താളം നഷ്ടപ്പെട്ടു. പ്ലേ മേക്കറുടെ റോളില്‍ കളിക്കുന്ന വെസ് ബ്രൗണിന് സ്വതസിദ്ധമായ കളി പുറത്തെടുക്കാന്‍ കഴിയാതിരുന്നതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാവുകയായിരുന്നു. സ്‌ട്രൈക്കറുടെ റോളില്‍ ഇറങ്ങിയ മാര്‍ക്ക് സിഫ്‌നിയോസും കളത്തില്‍ പൂര്‍ണ്ണ പരാജയമായി മാറി. മുന്‍ മത്സരങ്ങളില്‍ പ്രതിരോധം കരുത്തുറ്റതായിരുന്നെങ്കില്‍ ബെംഗളൂരുവിനെതിരെ അതും പാളി.
കളിയുടെ തുടക്കത്തില്‍ മാത്രം ബ്ലാസ്റ്റേഴ്‌സ് മുന്‍തൂക്കം നേടിയെങ്കിലും എതിരാളികളുടെ കരുത്ത് മനസ്സിലാക്കിയശേഷം ബെംഗളൂരു കളം പിടിച്ചടക്കുന്നതാണ് കണ്ടത്. പിന്നീട് പലപ്പോഴും മൈതാനത്ത് കാഴ്ചക്കാരാവാനായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വിധി. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ബെംഗളൂരുവിന്റെ ഏഴയലത്ത് എത്താന്‍ പോലും പലപ്പോഴും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞതുമില്ല. പോള്‍ റെച്ചൂബ്കയ്ക്കു പകരം ഗോള്‍വലക്ക് മുന്നില്‍ കാവല്‍ നിന്ന സുഭാശിഷ് റോയ് ചൗധരി മികച്ച പ്രകടനം നടത്തിയതുകൊണ്ടു മാത്രം തോല്‍വി 3-1ല്‍ ഒതുങ്ങി. 73-ാം മിനിറ്റില്‍ പരിക്കേറ്റ് സുഭാശിഷ് കളംവിട്ടതും ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.
അതിനുശേഷമാണ് മികുവിന്റെ രണ്ട് ഗോളുകളും പിറന്നത്. ഇഞ്ചുറി ടൈമില്‍ സമനില നേടാന്‍ നടത്തിയ ആലോചനാശൂന്യമായ നീക്കങ്ങള്‍ക്കിടെ പ്രതിരോധം പാളി. ചെന്നൈയില്‍ അവസാന നിമിഷ സമനില ഗോള്‍ നേട്ടം നിറച്ച അമിത ആത്മവിശ്വാസം ജിങ്കനെ എതിര്‍ ഗോള്‍ പോസ്റ്റിനു മുന്നില്‍ എത്തിച്ചപ്പോള്‍ ബെംഗളൂരു അവസരം മുതലെടുത്തു. മികച്ച സ്‌ട്രൈക്കറായ മികുവിനെ പൂട്ടാനുള്ള കെല്‍പ്പൊന്നും മറ്റുള്ളവര്‍ക്കുണ്ടായതുമില്ല.
അതേസമയം ബ്ലാസ്റ്റേഴ്സ് നിരയില്‍ ഒരു മിഡ്ഫീല്‍ഡ് ജനറലിന്റെ അഭാവമാണ് നിഴലിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു. അറാട്ട ഇസുമി, കറേജ് പെക്കൂസണ്‍, ജാക്കിചന്ദ് സിങ്, മിലന്‍ സിങ് തുടങ്ങിയവരെയാണ് മിഡ്ഫീല്‍ഡിലേക്ക് ബ്ലാസ്റ്റേഴ്സ് എത്തിച്ചിരുന്നത്. എന്നാല്‍, ഈ താരങ്ങള്‍ വേണ്ടത്ര ശോഭിക്കാത്തതിനെ തുടര്‍ന്ന് തന്ത്രം മാറ്റിയ മ്യൂലന്‍സ്റ്റീന്‍ ബെര്‍ബറ്റോവിനെ ഫാള്‍സ് നയനില്‍ പരീക്ഷിച്ചു. ഈ പരീക്ഷണം പകുതി വിജയിച്ചെങ്കിലും വെസ് ബ്രൗണ്‍ പരിക്കു മാറി തിരിച്ചെത്തിയതോടെ താരത്തെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാക്കി പരീക്ഷിച്ചു. എങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ച രീതിയിലായില്ല.
ഇനിയുള്ള നിര്‍ണ്ണായക മത്സരങ്ങള്‍ക്കു മുന്‍പെങ്കിലും ബ്ലാസ്റ്റേഴ്സ് പോയി കളി പഠിച്ചു വരട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്. നാലാം തീയതി കൊച്ചിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ മികച്ച ഫോമിലുള്ള പൂനെ സിറ്റിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.