| Saturday, 9th July 2022, 9:22 pm

ആരാണീ കപില്‍ ദേവ്, അയാളെ എന്തിന് കൊള്ളാം, വിരാടിന്റെ ഏഴയലത്ത് വരുമോ ഇയാള്‍; ലക്കും ലഗാനുമില്ലാത്ത വിമര്‍ശനവുമായി കോഹ്‌ലി ഭക്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ വിമര്‍ശിച്ചതിന് പിന്നാലെ കപില്‍ ദേവിനെതിരെ ആരാധകര്‍. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി-20 മത്സരത്തില്‍ വിരാടിനെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നായിരുന്നു കപില്‍ പറഞ്ഞത്. ഇതോടെയാണ് ആരാധകര്‍ കപിലിനെതിരെ തിരിഞ്ഞത്.

ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരക്കാര്‍ കപിലിനെതിരെ തിരിഞ്ഞത്. കപില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മോശം അനലിസ്റ്റാണെന്ന് തുടങ്ങി താരത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്കുവരെ ആരാധകര്‍ കടന്നിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ രണ്ടാം റാങ്കുകാരനായ അശ്വിനെ ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെന്തുകൊണ്ടാണ് വിരാടിനെ ഒഴിവാക്കാത്തത് എന്നായിരുന്നു കപില്‍ ചോദിച്ചത്.

‘അതെ, വിരാടിനെ ടി-20 പ്ലെയിങ് ഇലവനില്‍ കളിപ്പിക്കാതെ ബെഞ്ചില്‍ തന്നെ ഇരുത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്. അഞ്ചാം ടെസ്റ്റില്‍ നിന്നും രണ്ടാം റാങ്കിങ്ങില്‍ നില്‍ക്കുന്ന അശ്വിനെ പുറത്താക്കാന്‍ സാധിക്കുമെങ്കില്‍ പിന്നെ എന്തുകൊണ്ട് ഏതോ ഒരു കാലത്ത് ഒന്നാം റാങ്കിങ്ങില്‍ നില്‍ക്കുന്ന വിരാടിനെ പുറത്താക്കാന്‍ സാധിക്കുന്നില്ല,’ കപില്‍ ദേവ് പറയുന്നു.

എ.ബി.പി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിന് പിന്നാലെയായിരുന്നു വിരാട് ആരാധകര്‍ കപില്‍ ദേവിനെതിരെ തിരിഞ്ഞത്.

എന്നാല്‍ കപിലിന്റെ നിരീക്ഷണം ശരിവെക്കുന്ന പ്രകടനമായിരുന്നു വിരാട് നടത്തിയത്. മൂന്ന് പന്തുകള്‍ നേരിട്ട വിരാട് ഒറ്റ റണ്‍സ് മാത്രം നേടിയാണ് കളം വിട്ടത്.

എന്നാല്‍ വിരാടിനൊപ്പം ടീമിലേക്ക് തിരിച്ചെത്തിയ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 15 പന്തില്‍ നിന്ന് 26 റണ്‍സുമായി റിഷബ് പന്ത് തിളങ്ങിയപ്പോള്‍ 29 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറികളുടെ അകമ്പടിയോടെ 46 റണ്‍സുമായി രവീന്ദ്ര ജഡേജ കളം നിറഞ്ഞാടുകയായിരുന്നു.

20 പന്തില്‍ നിന്നും 31 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഒടുവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റിന് 170 റണ്‍സാണ് ഇന്ത്യയുടെ അക്കൗണ്ടിലെത്തിയത്.

നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോര്‍ദാനും നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ് ഗ്ലീസനും ചേര്‍ന്നാണ് ഇന്ത്യയുടെ കുതിപ്പിന് തടയിട്ടത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. സ്റ്റാര്‍ ബാറ്റര്‍ ജേസണ്‍ റോയ്‌യെ ഗോള്‍ഡന്‍ ഡക്കാക്കി ഭുവനേശ്വര്‍ കുമാറാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

Content highlight: Fans against Kapil Dev for criticizing Virat Kohli

We use cookies to give you the best possible experience. Learn more