പൊന്നുംവിലകൊടുത്ത് നിലനിര്‍ത്തിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് സണ്‍റൈസേഴ്‌സിനെ സംബന്ധിച്ച് ഈ സീസണിലെ ഏറ്റവും വലിയ തലവേദന. സീസണില്‍ ഒരിക്കല്‍ പോലും തന്റെ സ്വാഭാവിക പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്ന വില്യംസണ്‍ കഴിഞ്ഞ മത്സരത്തിലും അമ്പേ പരാജയമായിരുന്നു.
14 കോടി മുടക്കിയായിരുന്നു സണ്‍റൈസേഴ്‌സ് വില്യംസണെ നിലനിര്‍ത്തിയത്. എന്നാല്‍ തന്റെ റെപ്യുട്ടേഷനോടോ ആരാധകരര്‍പ്പിച്ച വിശ്വാസത്തോടോ ഈ സീസണില്‍ ഒരിക്കല്‍ പോലും വില്യംസണ് നീതി പുലര്‍ത്താനായിട്ടില്ല.
കഴിഞ്ഞ മത്സരത്തിലും താരം പരാജയമായിരുന്നു. 11 പന്തില്‍ നിന്നും 4 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. സീസണില്‍ ആകെ നേടിയത് 200 റണ്‍സ്, അതിന് വേണ്ടി കളിച്ചതോ 207 പന്തും. അതായത് സ്‌ട്രൈക്ക് റേറ്റ് 100 പോലുമില്ലെന്നര്‍ത്ഥം.
കഴിഞ്ഞ മത്സരത്തിലെ താരത്തിന്റെ മെല്ലെപ്പോക്കും, 19 പന്തില്‍ 21 റണ്‍സെടുത്ത് നില്‍ക്കെ റോവ്മന്‍ പവലിനെ കൈവിട്ടുകളഞ്ഞതുമായിരുന്നു ഒരര്‍ത്ഥത്തില്‍ സണ്‍റൈസേഴ്‌സിനെ തോല്‍പിച്ചത്. 35 പന്തില്‍ പുറത്താവാതെ 67 റണ്‍സായിരുന്നു പവല്‍ നേടിയത്. സണ്‍റൈസേഴ്‌സ് തോല്‍ക്കുന്നതാവട്ടെ 21 റണ്‍സിനും.
ഇതോടെയാണ് ആരാധകര്‍ ഒന്നടങ്കം വില്യംസണ് നേരെ തിരിഞ്ഞത്.
ചിരി മാത്രം പോരാ മര്യാദയ്ക്ക് കളിക്കണമെന്നും, ഐ.പി.എല്‍ നിര്‍ത്തി ഇംഗ്ലണ്ടിലേക്ക് ടെസ്റ്റ് കളിക്കാന്‍ പോയ്ക്കൂടെ എന്നുമൊക്കെയാണ് ആരാധകര്‍ വില്യംസണെ വിമര്‍ശിക്കുന്നത്.
കഴിഞ്ഞ സീസണില്‍ മോശം ഫോമിലുള്ള ഡേവിഡ് വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും തുടര്‍ന്ന് ടീമില്‍ നിന്നും മാറ്റി നിര്‍ത്തിയതും ഒടുവില്‍ വാര്‍ണര്‍ ടീം വിട്ടുപോയതെല്ലാം മനസിലുള്ള ആരാധകര്‍ ഇതൊന്നും അത്രപെട്ടന്ന് മറക്കാനും പൊറുക്കാനും തയ്യാറാവില്ല എന്ന കാര്യം നൂറ് ശതമാനമുറപ്പാണ്.
എന്നാല്‍, വരുന്ന മത്സരത്തില്‍ താരം തന്റെ പഴയ ഫോമിലേക്ക് മടങ്ങി വരുമെന്നും തങ്ങളുടെ പഴയ വില്ലിച്ചായനെ വരുന്ന മത്സരത്തില്‍ കാണാന്‍ സാധിക്കും എന്ന് വിശ്വസിക്കുന്ന ആരാധകരും കുറവല്ല.
ഞായറാഴ്ചയാണ് സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.
Content highlight: Fans against Kane Williamson after loss against Delhi Capitals