ഐ.പി.എല്ലിന്റെ ആവേശം വാനോളം ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച് 31ന് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റമുട്ടുന്നതോടെയാണ് ഐ.പി.എല്ലിന്റെ പതിനാറാം സീസണ്‍ ആരംഭിക്കുന്നത്.
ടൂര്‍ണമെന്റിന് മുന്നോടിയായി ഐ.പി.എല്‍ തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവെച്ച ചിത്രം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഐ.പി.എല്‍ ട്രോഫിക്കൊപ്പം എല്ലാ ടീമിന്റെയും ക്യാപ്റ്റന്‍മാര്‍ പോസ് ചെയ്യുന്ന ചിത്രമാണ് ഐ.പി.എല്‍ പങ്കുവെച്ചത്.
എന്നാല്‍ പത്ത് ക്യാപ്റ്റന്‍മാര്‍ക്ക് പകരം ഒമ്പത് പേര്‍ മാത്രമാണ് ചിത്രത്തിലുള്ളത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയായിരുന്നു ഇക്കൂട്ടത്തില്‍ ഇല്ലാതെ പോയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രവും ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും ഇന്ത്യയുടെ സ്റ്റാര്‍ പേസറുമായ ഭുവനേശ്വര്‍ കുമാര്‍ ടീമിനെ റെപ്രസെന്റ് ചെയ്ത് എത്തിയിട്ടുണ്ടായിരുന്നു.
എന്നാല്‍ മുംബൈയെ പ്രതിനിധീകരിക്കാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് രസകരമായ കാര്യം. രോഹിത് ശര്‍മ എവിടെയെന്നും മുംബൈ ഇന്ത്യന്‍സിനെ അവഗണിക്കുകയാണെന്നുമുള്ള സംശയങ്ങളും ആശങ്കകളും ആരാധകരും പങ്കുവെക്കുന്നുണ്ട്.
ഏപ്രില്‍ രണ്ടിനാണ് മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.
കഴിഞ്ഞ സീസണിലേറ്റ തിരിച്ചടികള്‍ക്ക് പകരം വീട്ടാന്‍ തന്നെയാകും മുംബൈ ഇന്ത്യന്‍സ് ഇത്തവണ കളത്തിലിറങ്ങുക. ഐ.പി.എല്‍ 2022ല്‍ കളിച്ച 14 മത്സരത്തില്‍ പത്തിലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു ടീം ഫിനിഷ് ചെയ്തത്. മുംബൈ ഇന്ത്യന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്.
ടീം കഴിഞ്ഞ സീസണിലെ പോരായ്മകള്‍ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. മറ്റൊരു കിരീടം മുംബൈയിലേക്കെത്തിക്കാന്‍ തന്നെയാണ് രോഹിത്തും കൂട്ടരും കളത്തിലിറങ്ങുന്നതും.
Content Highlight: Fans against IPL for omitting Rohit Sharma in photoshoot