കഴിഞ്ഞ ദിവസമായിരുന്നു ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. മൂന്ന് ടി-20 മത്സരങ്ങള്‍ക്കായി രണ്ട് വ്യത്യസ്ത സ്‌ക്വാഡുകളെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിരിക്കുന്നത്.
അയര്‍ലന്‍ഡിനെതിരെ നടന്ന സ്‌ക്വാഡിലേക്ക് രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയതാണ് ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡ് സജ്ജമാക്കിയിട്ടുള്ളത്. സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്‌വാദ്, രാഹുല്‍ ത്രിപാഠി, വെങ്കിടേഷ് അയ്യര്‍ തുടങ്ങിയ താരങ്ങളാണ് ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിന്റെ പ്രധാന ഹൈലൈറ്റ്.
എന്നാല്‍, പ്രോട്ടീസ് – ഐറിഷ് പരമ്പരയില്‍ നിന്നും വിട്ടുനിന്ന മാര്‍ക്വി താരങ്ങള്‍ എത്തിയതോടെ ഇവരെല്ലാം ലൈംലൈറ്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ എത്തിയതോടെ സഞ്ജുവും മറ്റുള്ളവരും സ്‌ക്വാഡില്‍ നിന്നും അപ്രത്യക്ഷരായിരിക്കുകയാണ്.
ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ബി.സി.സി.ഐക്കെതിരെ വിമര്‍ശനമുയരുന്നത്. പന്തിനെയാണ് സഞ്ജുവിന് പകരക്കാരനായി പരിഗണിക്കാന്‍ സാധ്യതയുള്ളത് എന്നുകൂടി അറിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്.
സാധാരണയായി മലയാളികളാണ് സഞ്ജുവിന് വേണ്ടി വാദിക്കാനും ‘നോര്‍ത്ത് ഇന്ത്യന്‍ ലോബി’യെ തെറി പറയാനും മുമ്പിലുണ്ടാവാറുള്ളത് എങ്കില്‍ ഇത്തവണ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം സഞ്ജുവിനായി എത്തിയിട്ടുണ്ട്.
ബി.സി.സി.ഐയുടെ നാറിയ പൊളിറ്റിക്‌സിന്റെ ഇരയാണ് സഞ്ജുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് സഞ്ജുവിനോട് കാണിക്കുന്നത് അനീതിയാണെന്നുമാണ് ക്രിക്കറ്റ് ആരാധകര്‍ പറയുന്നത്.
ഒരാള്‍ ഇത്തിരികൂടി കടന്ന്, ‘സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് ഓസീസിനോ ഇംഗ്ലണ്ടിനോ വേണ്ടി കളിക്കണ’മെന്നായിരുന്നു പറഞ്ഞത്.
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരം കഴിഞ്ഞ് ഉടനെ ടി-20 പരമ്പരയും വരുന്നതിനാലാണ് ഇന്ത്യ ഇത്തരത്തില്‍ രണ്ട് ടീമിനേയും പ്രഖ്യാപിച്ചത്. രണ്ട് സ്‌ക്വാഡിനെ പ്രഖ്യാപിച്ചതല്ല, മറിച്ച് എല്ലാ മത്സരത്തിലും സഞ്ജുവിനെ കളിപ്പിക്കാത്തതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
അയര്‍ലന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരെയുള്ള സ്‌ക്വാഡിലെത്തിച്ചത്. 183.33 സ്ട്രൈക്ക് റേറ്റില്‍ 77 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതിന് പുറമെ ടി-20യിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടും ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടി-20യില്‍ തിളങ്ങിയാല്‍ വരാനിരിക്കുന്ന വിന്‍ഡീസ് പര്യടനമടക്കമുള്ള പരമ്പരയിലും സഞ്ജു ഉള്‍പ്പെട്ടേക്കാം. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ വേള്‍ഡ് കപ്പ് ടീമിലേക്കുള്ള സാധ്യതയും കൂടും.
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള 2, 3 ടി-20ക്കുള്ള സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍,റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ജസപ്രീത് ബംറ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.
Content highlight: Fans Against Indian Cricket Board for excluding Sanju Samson From 2nd and 3rd T20Is against England