| Wednesday, 15th June 2022, 1:26 pm

ഇവനോളം ഓവര്‍ റേറ്റഡ് ആയ ഒരുത്തനെ കാണാന്‍ പോലും കിട്ടില്ല, ഇവനെ ടീമിന്റെ ഏഴയലത്ത് പോലും നിര്‍ത്തരുത്; ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരത്തിനെതിരെ ആരാധകരോഷം

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗില്‍ ഹംഗറിയോടേറ്റ തോല്‍വിക്ക് പിന്നാലെ ആഴ്‌സണലിന്റെ ഇംഗ്ലീഷ് സൂപ്പര്‍ താരം ബുക്കായോ സാക്കയ്‌ക്കെതിരെ ആരാധകരോഷം. സാക്കയോളം ഓവര്‍ റേറ്റഡായ ഒരു താരം ഇംഗ്ലണ്ടില്‍ ഉണ്ടായിട്ടില്ലെന്നും അവനെ ടീമില്‍ നിന്നും പുറത്താക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.

4-0നായിരുന്നു ത്രീ ലയണ്‍സിന്റെ തോല്‍വി. തോല്‍വിയോടെ ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരായിട്ടാണ് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ട് തലതാഴ്ത്തി നില്‍ക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ സൗത്ത്‌ഗേറ്റിന്റെ ഏറ്റവും മികച്ച ടാക്ടിക്കല്‍ നീക്കം പരാജയപ്പെട്ടിരുന്നു. ആഴ്‌സണലിന്റെ ഫോര്‍വാര്‍ഡ് ബുക്കായോ സാക്കയെ ലെഫ്റ്റ് വിംഗില്‍ കളിപ്പിക്കുകയായിരുന്നു സൗത്ത്‌ഗേറ്റ്.

എന്നാല്‍ ആ നീക്കം അമ്പേ പരാജയപ്പെടുകയും കളിച്ച 85 മിനിറ്റില്‍ ഒരു അവസരം പോലും സൃഷ്ടിക്കാന്‍ സാധിക്കാതെ സാക്ക പെടാപ്പാട് പെടുകയുമായിരുന്നു.

ഇതോടെയാണ് ട്വിറ്ററില്‍ സാക്കയ്‌ക്കെതിരെ ആരാധകരുടെ മുറവിളിയുയര്‍ന്നത്.

ആരോണ്‍ റാംസ്‌ഡെലാണ് പരാജയപ്പെട്ട മറ്റൊരു താരം. ഹംഗറിക്കെതിരായ മത്സരത്തില്‍ അരോണും നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആഴ്‌സണലില്‍ സാക്കയുടെ സഹതാരമായിരുന്നു ആരോണ്‍.

ഇരുവരുടെയും മോശം പ്രകടനത്തെ മുതലെടുത്ത് ആഴ്‌സണിലിനെ എയറില്‍ കേറ്റാനും ഇംഗ്ലണ്ട് ആരാധകര്‍ക്ക് പ്രത്യേക ആവേശമായിരുന്നു. ആഴ്‌സണലിന്റെ പാരമ്പര്യമാണ് ഇരുവരും കാണിച്ചതെന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

ഇറ്റലിക്കും ജര്‍മനിക്കുമൊപ്പം ഗ്രൂപ്പ് ത്രീയിലാണ് ഇംഗ്ലണ്ടും ഹംഗറിയും. നാല് മത്സരം കളിച്ച് രണ്ട് തോല്‍വിയും രണ്ട് സമനിലയുമടക്കം രണ്ട് പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനക്കാരാണ് ഇംഗ്ലണ്ട്.

നാല് മത്സരത്തില്‍ നിന്നും ഏഴ് പോയിന്റുമായി ഹംഗറിയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ആറ് പോയിന്റുമായി ജര്‍മനി രണ്ടാമതും അഞ്ച് പോയിന്റുമായി ഇറ്റലി മൂന്നാമതുമാണ്.

Content highlight: Fans Against England Footballer Bukayo Saka after his poor performance against Hungary

We use cookies to give you the best possible experience. Learn more