2022 മാര്‍ച്ചില്‍ സ്പിന്‍ ഇതിഹാസം ഷെയന്‍ വോണിന്റെ അകാലവിയോഗം ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. മാര്‍ച്ച് നാലിന് തന്റെ 52ാം വയസിലാണ് അദ്ദേഹം ക്രിക്കറ്റിനോട് എന്നെന്നേക്കുമായി വിട പറഞ്ഞത്.
ലോകം കണ്ട എക്കാലത്തേയും സ്പിന്നറായ അദ്ദേഹത്തിന് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ആളുകള്‍ മെല്‍ബണിലെത്തിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുത്തത്.
അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജസ്ഥാന്‍ റോയല്‍സും രംഗത്തെത്തിയിരുന്നു. മത്സരം തന്നെ അദ്ദേഹത്തിനായി സമര്‍പ്പിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ തങ്ങളുടെ മുന്‍ നായകന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. അദ്ദേഹത്തിനായി ഐ.പി.എല്‍ കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മികച്ച പ്രകടനമാണ് രാജസ്ഥാന്‍ നടത്തിയിരുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മകളില്‍ ജീവിക്കുന്ന ആരാധകരെ ഒന്നടങ്കം ചൊടിപ്പിച്ച സംഭവമായിരുന്നു ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് മത്സരത്തിനിടെ സംഭവിച്ചത്. ഇരുവരും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഷെയന്‍ വോണിന്റെ ഒരു പരസ്യം ടെലികാസ്റ്റ് ചെയ്തതാണ് ആരാധകരെ രോഷാകുലരാക്കിയത്.
മത്സരത്തിനിടെയുള്ള ഇടവേളയില്‍ അദ്ദേഹം മുമ്പ് അഭിനയിച്ച അഡ്വാന്‍സ്ഡ് ഹെയര്‍ സ്റ്റുഡിയോയുടെ പരസ്യമായിരുന്നു ബ്രോഡ്കാസ്‌റ്റേഴ്‌സ് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇതില്‍ രോഷാകുലരായ ആരാധകര്‍ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു.
അരോചകം എന്നായിരുന്നു ബ്രോഡ്കാസ്‌റ്റേഴ്‌സിന്റെ നടപടിയെ ആരാധകര്‍ വിശേഷിപ്പിച്ചത്.
അന്തരിച്ച വോണിനെ അവതരിപ്പിച്ച പരസ്യം പ്രദര്‍ശിപ്പിച്ചത് ഉചിതമായിരുന്നോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.
കാഴ്ചക്കാരുടെ ഇടയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ സ്‌കൈ സ്‌പോര്‍ട്‌സ് പരസ്യം പിന്‍വലിച്ച് തടിയൂരിയിരിക്കുകയാണ്. എന്നിരുന്നാലും പരസ്യത്തിന്റെ സ്റ്റില്ലുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ആരാധകരുടെ ചില പ്രതികരണങ്ങള്‍.
Content Highlight: Fans against broadcasting channel for showing late Shane Warne in advertisement