2022 ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യ ക്വാട്ടറില്‍ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍മാരായ ബ്രസീല്‍ കഴിഞ്ഞ ലേകകപ്പിന്റെ ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ നേരിടും.
മികച്ച സ്‌ക്വാഡ് ഡെപ്തുള്ള ടീമായ ബ്രസീല്‍ ഇതിനോടകം തന്നെ തങ്ങളുടെ മുഴുവന്‍ താരങ്ങളെയും കളത്തിലിറക്കിയിട്ടുണ്ട്. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്നേറ്റ നിരയിലെ സൂപ്പര്‍ താരം ടീമില്‍ ഇടം നേടാത്തതിന്റെ അമര്‍ഷത്തിലാണ് ആരാധകര്‍.
മുന്നേറ്റ നിരയിലെ യുവതാരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ടീമില്‍ ഇല്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. താരത്തിനായി ആരാധകര്‍ ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മുറവിളി കൂട്ടുന്നുണ്ട്.
മാര്‍ട്ടിനെല്ലി ആദ്യ ഇലവനില്‍ കളിക്കുന്നില്ലെങ്കില്‍ ബ്രസീല്‍ തോറ്റാലും അത്ഭുതമില്ലെന്നും മാര്‍ട്ടിനെല്ലിയെ കളിപ്പിക്കാഞ്ഞത് മോശമായെന്നും ആരാധകര്‍ പറയുന്നു.
ക്വാര്‍ട്ടറില്‍ അലിസണ്‍ ബെക്കര്‍ തന്നെയാണ് ബ്രസീലിന്റെ ഗോള്‍ വല കാക്കുന്നത്. ഡിഫന്‍സില്‍ ഡാനിലോ, തിയാഗോ സില്‍വ, മാര്‍#ക്വിന്യോസ്, മിലിറ്റാവോ എന്നിവര്‍ അണിനിരക്കുമ്പോള്‍ കാസിമെറോയും പക്വേറ്റയും മധ്യനിര കാക്കുന്നു. വിങ്ങുകളില്‍ വിനീഷ്യസും റാഫീന്യുമാണ് ബ്രസീലിന് കരുത്താകുന്നത്. ഇവര്‍ക്ക് പുറമെ റിച്ചാര്‍ലിസണും നെയ്മറുമാണ് ബ്രസീലിന്റെ ആദ്യ ഇലവനില്‍ ഇറങ്ങുന്നത്.
ഫുട്ബോളില്‍ ബ്രസീലും ക്രൊയേഷ്യയും ഇതുവരെ ഏറ്റുമുട്ടിയത് അഞ്ച് തവണ മാത്രമാണ്. അതില്‍ രണ്ട് തവണയാണ് ലോകകപ്പില്‍ ഏറ്റുമുട്ടിയത്.
2006 ലോകകപ്പിലായിരുന്നു ആദ്യ മത്സരം. അന്ന് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ ജയിക്കുകയായിരുന്നു. കക്കയായിരുന്നു ബ്രസീലിനായി അന്ന് ഗോള്‍ നേടിയത്.
2014ല്‍ നടന്ന ലോകകപ്പിലായിരുന്നു രണ്ടാമത്തെ ഏറ്റുമുട്ടല്‍. അന്നും ബ്രസീല്‍ തന്നെ ജയിക്കുകയായിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ക്രൊയേഷ്യയെ ബ്രസീല്‍ കീഴടക്കിയിരുന്നത്. നെയ്മര്‍ അന്ന് ഇരട്ട ഗോളുകള്‍ നേടി.
അതിന് ശേഷം 2018ല്‍ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലും ക്രൊയേഷ്യയും വീണ്ടും ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീല്‍ ജയിക്കുകയും ചെയ്തു. ഇരു ടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത് 2018 മാര്‍ച്ച് ആറിനാണ്. അപ്പോഴും ജയം ബ്രസീലിന് ഒപ്പമായിരുന്നു.
ഇരുടീമുകളുടെയും നേര്‍ക്കുനേര്‍ പോരാട്ടം എടുത്തു നോക്കുമ്പോള്‍ ബ്രസീലിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Fans against Brazil’s starting line up